Categories
kerala

ബോറിസ്‌ ജോണ്‍സണ്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുമ്പോള്‍ നരേന്ദ്രമോദി ഔറംഗസീബിനെക്കുറിച്ച്‌ സംസാരിക്കുന്നു….!!

75 വര്‍ഷം മുമ്പുവരെ ഇന്ത്യക്കാരെ അടിമകളാക്കി വെച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്തോടും അതിന്റെ പുതിയ പ്രതിനിധികളോടും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ എതിര്‍പ്പില്ല, എന്നാല്‍ 500 വര്‍ഷം മുമ്പ്‌ ഇന്ത്യ ഭരിച്ച മുഗളന്‍മാരോട്‌ മുടിഞ്ഞ എതിര്‍പ്പാണ്‌! ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നരേന്ദ്രമോദി ആഹ്ലാദ ഭരിതനാണ്‌. സന്ദര്‍ശനം ചരിത്രപരം എന്ന്‌ മോദി വിശേഷിപ്പിച്ചു കഴിഞ്ഞു. ആസാദി കാ അമൃത്‌ മഹോല്‍സവ്‌ എന്ന പരിപാടിയുടെ ഭാഗമായിരുന്നു ബോറിസ്‌ ജോണ്‍സണ്‍-ന്റെ സന്ദര്‍ശനം. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗം.

ഇന്ത്യ സ്വതന്ത്രയായത്‌ ബ്രിട്ടീഷുകാരില്‍ നിന്നാണ്‌. രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടിമരാജ്യമാക്കി വെച്ച്‌, സകല ക്രൂരതകളും ചെയ്‌ത്‌, ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നൊടുക്കാനുള്ള എല്ലാതരം കലഹങ്ങള്‍ക്കും സാഹചര്യമൊരുക്കി, ഒട്ടേറെ ദേശാഭിമാനികളെ വെടിവെച്ചും തൂക്കിയും കൊന്ന്‌, ഇന്ത്യയിലെ വിഭവസമൃദ്ധിയെല്ലാം ചൂഷണം ചെയ്‌ത്‌ ഭരിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വം…അതിനോട്‌ പ്രധാനമന്ത്രി എന്തു പറയുന്നു എന്ന്‌ അറിഞ്ഞുകൂടാ. പക്ഷേ 500 കൊല്ലം മുമ്പ്‌ ഇന്ത്യയില്‍ ഭരണം നടത്തിയ മുഗള്‍ രാജവംശവും മുസ്ലീങ്ങളും നരേന്ദ്രമോദിയുടെ കടുത്ത ശത്രുവാണ്‌.

thepoliticaleditor

ആസാദി കാ അമൃത്‌ മഹോല്‍സവിന്റെ സമയത്തു പോലും സിഖ്‌ സമുദായ ഗുരുവിനെ അനുസ്‌മരിക്കുന്ന ചടങ്ങില്‍ പോലും ഔറംഗസീബിന്റെ കൊടും ക്രൂരതകള്‍ മോദിയുടെ പ്രചാരണവിഷയമായി. സംഘപരിവാറിന്റെ വൈകാരിക വിദ്വേഷ രാഷ്ട്രീയം രഹസ്യമായി കടത്തിവിടുന്ന പ്രസംഗമാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി 21-ന്‌ ചെങ്കോട്ടയില്‍ നിര്‍വ്വഹിച്ചത്‌.

ബോറിസ്‌ ജോണ്‍സന്റെ സന്ദര്‍ശനം വളരെ അര്‍ഥവത്താണ്‌. അദ്ദേഹം ഇന്ത്യയില്‍ വന്ന ആദ്യ ദിവസം ചെയ്‌ത കാര്യങ്ങളും. സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗാന്ധി നെയ്‌ത ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ വിഫലശ്രമം നടത്തിയത്‌ നാം കണ്ടു. തന്റെ പൂര്‍വ്വികരെ ഇന്ത്യയില്‍ നിന്നും തുരത്താന്‍ ഗാന്ധി ഉപയോഗിച്ച ആയുധങ്ങളിലൊന്നായിരുന്നു ചര്‍ക്ക. ഗാന്ധിയുടെ സഹനയുദ്ധത്തിന്റെ ആസ്ഥാനമായിരുന്നു സബര്‍മതി. ബോറിസ്‌ ജോണ്‍സണ്‍ ഇതിലേതെങ്കിലും ഓര്‍ത്തുവോ…മോദി അദ്ദേഹത്തെ ഓര്‍മിപ്പിക്കുമോ.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ക്രൂരതകളെക്കുറിച്ച്‌ മോദി സംസാരിക്കില്ല, പകരം മുഗളന്‍മാരുടെ ക്രൂരതകളെക്കുറിച്ച്‌ തന്ത്രപൂര്‍വ്വം ഓര്‍മിപ്പിക്കും. കാരണം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കണമെന്നാഗ്രഹിച്ച, അവര്‍ക്കെതിരെ സമരത്തിനിറങ്ങാതെ മാറി നിന്നിരുന്ന, അവര്‍ക്ക്‌ എഴുതിക്കൊടുത്ത മാപ്പപേക്ഷയില്‍ താന്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായി ഇന്ത്യക്കാരെ അനുനയിപ്പിച്ചോളാമെന്ന്‌ ഉറപ്പു നല്‍കിയ ഗുരുക്കന്‍മാരുടെ ശിഷ്യനാണ്‌ മോദി. അതേസമയം അകാരണമായും അയുക്തികമായും ചില നിഴല്‍ശത്രുക്കളെ സൃഷ്ടിച്ച്‌ അവരുമായി യുദ്ധം ചെയ്യാനും വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘപരിവാറിന്റെ ആദരവ്‌ സ്വീകരിക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ ഉല്‍സാഹമാണ്‌.
ബ്രിട്ടീഷ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം ചരിത്രപരം തന്നെയാണ്‌…പക്ഷേ നരേന്ദ്രമോദി അഭിപ്രായപ്പെട്ടതു പോലെ അല്ല…വൈരുദ്ധ്യങ്ങളുടെ രാഷ്ട്രീയ ഇന്ത്യയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ചരിത്ര സന്ദര്‍ഭം എന്ന നിലയിലാണെന്നു മാത്രം.

Spread the love
English Summary: india visit of boris johnson marks some history of india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick