• Home
  • kerala
  • വിനു വി ജോണിനെ പുറത്താക്കുക…നൂറുകണക്കിന്‌ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ്‌ ആസ്ഥാനത്തേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

വിനു വി ജോണിനെ പുറത്താക്കുക…നൂറുകണക്കിന്‌ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ്‌ ആസ്ഥാനത്തേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

ന്യൂസ്‌ അവര്‍ ചര്‍ച്ചയ്‌ക്കിടയില്‍ സി.ഐ.ടി.യു.നേതാവും രാജ്യസഭാംഗവുമായ എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കും വിധം സംസാരിച്ചെന്നതില്‍ പ്രമുഖ ന്യൂസ്‌ ആങ്കര്‍ വിനു വി. ജോണിനെതിരെ ശക്തമായ പ്രതിഷേധം. വിനുവിനെ ഏഷ്യാനെറ്റില്‍ നിന്നും പുറത്താക്കുക എന്നാവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയന്‍ സമിതിയുടെ നൂറുകണക്കിന്‌ പ്രവര്‍ത്തകരും നേതാക്കളും തിരുവനന്തപുരത്ത്‌ ചെങ്കല്‍ച്ചൂളയിലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആസ്ഥാനത്തേക്ക്‌ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ഏഷ്യാനെറ്റ്‌ ആസ്ഥാനത്തേക്കുള്ള റോഡില്‍ മാര്‍ച്ചിനെ പൊലീസ്‌ വന്‍ ബാരിക്കേഡുയര്‍ത്തി തടഞ്ഞു.

ജില്ലയിലെ മുതിര്‍ന്ന സി.പി.എം.നേതാവ്‌ ഇ.ജയന്‍ബാബു സ്വാഗത പ്രസംഗത്തില്‍ വിനു വി ജോണിന്റെ വാര്‍ത്താവതരണ, ചര്‍ച്ചാരീതിയെ നിശിതമായി വിമര്‍ശിച്ചു. അമിതമായ കളി കളിച്ച ഒരു ജ്യേഷ്‌ഠനും അനുജനും ഇപ്പോള്‍ ഏത്‌ ഗതിയിലായെന്ന കാര്യം മറക്കരുതെന്ന്‌ ജയന്‍ബാബു എടുത്തു പറഞ്ഞു. അനാവശ്യമായി ഉറഞ്ഞാടുന്നവര്‍ക്കുള്ള പാഠമാണ്‌ ആ ജ്യേഷ്‌ഠന്റെയും അനുജന്റെയും ഇപ്പോഴത്തെ ഗതിയെന്നും ജയന്‍ബാബു പറഞ്ഞു.
പ്രതിഷേധ മാര്‍ച്ച്‌ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡണ്ട്‌ ആനത്തലവട്ടം ആനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷണ അവകാശത്തിനു കൂടി വേണ്ടിയുള്ള സമരമാണ്‌ തങ്ങള്‍ നടത്തിയതെന്നും ഇത്തരം സമരങ്ങളെ തകർക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരടക്കം മുഴുവൻ തൊളിലാളികൾക്കും ഈ പോരാട്ടത്തിൽ അണിചേരേണ്ടിവരുമെന്നും സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.വിനു വി ജോണിന്റെ ആഹ്വാനത്തിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ നടപടിയെടുക്കണം. ഈ രീതിയിൽ മുന്നോട്ടുപോകാനാണ്‌ തീരുമാനമെങ്കിൽ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകുമെന്ന് ആനത്തലവട്ടം പറഞ്ഞു.

ഏഷ്യാനെറ്റിന്റെ കൊച്ചി, കോഴിക്കോട്‌ എന്നീ മേഖലാ ഓഫീസുകളിലേക്കും സംയുക്ത ട്രേഡ്‌ യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *