• Home
  • kerala
  • മദ്യം എളുപ്പത്തില്‍ ലഭിക്കും… സർക്കാർ നയം സാദാ കള്ളുകുടിയന്‍മാരെ പിഴിയും

മദ്യം എളുപ്പത്തില്‍ ലഭിക്കും… സർക്കാർ നയം സാദാ കള്ളുകുടിയന്‍മാരെ പിഴിയും

പുതിയ മദ്യനയത്തില്‍ ഔട്ട്‌ ലെറ്റുകളുടെ എണ്ണം കൂട്ടലും സൗകര്യം കൂട്ടലും ഐ.ടി. പാര്‍ക്കുകളില്‍ പ്രത്യേകം പബ്ബ്‌-റസ്റ്റാറന്റുകള്‍ തുടങ്ങലുമെല്ലാമായി മദ്യം ലഭിക്കുന്നതിലെ വൈഷമ്യവും വാങ്ങാനുള്ള കാലതാമസവും ബുദ്ധിമുട്ടും ഇല്ലാതാക്കുക എന്ന നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്‌. പ്രത്യക്ഷത്തില്‍ മദ്യപന്‍മാര്‍ക്ക്‌ ആകര്‍ഷകം. ക്യൂ നിന്ന്‌ മുഷിയാതെ സൂപ്പര്‍മാര്‍ക്കറ്റ്‌ രീതിയില്‍ മദ്യം വാങ്ങി പോകാം. ഇതിനായി ഒരുക്കുന്നത്‌ പ്രീമിയം കൗണ്ടറുകളാണ്‌. പുതിയതായി ആരംഭിക്കാനുദ്ദേശിക്കുന്ന 170-ലധികം എണ്ണം ഔട്ട്‌ലെറ്റുകളും പ്രീമിയം കൗണ്ടറുകളാണത്രേ.

പ്രീമിയം കൗണ്ടറുകളുടെ സൗകര്യം ഉപയോഗിച്ചുള്ള ചൂഷണം ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും നേരത്തെ തുടങ്ങിയതാണ്‌. ഇവിടെ സമാന്യം വില കൂടിയ മദ്യങ്ങള്‍ മാത്രമാണ്‌ കിട്ടുക. താരതമ്യേന വിലക്കുറവുള്ള ബ്രാന്‍ഡുകള്‍ പഴയതു പോലെ കാലിത്തൊഴുത്തിനു സമാനമായി ഇട്ടിരിക്കുന്ന സാധാരണ ഔട്ട്‌ലെറ്റുകളില്‍ മാത്രം. വേഗം വാങ്ങി പോകാമല്ലോ, ക്യൂ നിന്നും വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്ന്‌ മുഷിയേണ്ടല്ലോ ഇത്തരം ചിന്തകളാല്‍ പ്രീമിയം കൗണ്ടറുകളിലേക്ക്‌ പോകാന്‍ പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യം മലയാളികളില്‍ വര്‍ധിച്ചു വരുന്നുമുണ്ട്‌. മലയാളികളില്‍ അധികരിച്ചു വരുന്ന സൂപ്പര്‍മാര്‍ക്കറ്റ്‌ പര്‍ച്ചേസിങ്‌ സംസ്‌കാരം ഇത്തരം അവസ്ഥയിലേക്കാണ്‌ നയിക്കപ്പെടുന്നത്‌. ചുരുക്കത്തില്‍ വിലക്കൂടുതലുള്ള ബ്രാന്‍ഡ്‌ വാങ്ങാനും കീശ കാലിയാക്കാനും സര്‍ക്കാര്‍ ചെലവില്‍ ആകര്‍ഷണമാണ്‌ പ്രീമിയം ഔട്ട്‌ ലെറ്റുകള്‍. ചുരുങ്ങിയ ചെലവില്‍ മദ്യപിക്കാന്‍ ബജറ്റ്‌ നിശ്ചയിക്കുന്ന സാധാരണക്കാരെക്കൊണ്ട്‌ വില കൂടുതലുള്ള മദ്യം വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ അധിക സൗകര്യം യഥാര്‍ഥത്തില്‍ സര്‍ക്കാരിന്‌ മദ്യവരുമാനം വര്‍ധിപ്പിക്കാനുള്ള കുറുക്കു വഴിയായി തീരുകയാണ്‌.
അതേസമയം സാധാരണ കൗണ്ടറുകളിലെ ശോചനീയാവസ്ഥ അതേ പടി തുടരാനാണ്‌ സാധ്യതയും. അവിടെയുള്ള കാലിത്തൊഴുത്തിനു സമാനമായ, ഇടുങ്ങി വൃത്തിഹീനമായ സാഹചര്യം മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനമൊന്നും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പ്രീമിയം കൊണ്ടറുകളിലാണ്‌ ശ്രദ്ധ. “അഭിജാത” കുടിയന്‍മാര്‍ക്കായി പ്രീമിയം ഔട്ട്‌ലെറ്റുകളെ ശ്രദ്ധിക്കുന്നതിനിടയില്‍, അവിടെ വാഹന പാര്‍ക്കിങ്‌ സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനിടയില്‍ സാധാരണക്കാരുടെ തൊഴുത്തു കൗണ്ടറുകള്‍ അതേ പടി തുടരാനാണിട.
സ്ഥലസൗകര്യമുള്ളയിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്ലറ്റുകൾ ആരംഭിക്കാൻ അനുമതി നൽകും. നൂറിനു മുകളിൽ ഔട്ട്ലറ്റുകൾ പുതുതായി ആരംഭിക്കാനാകും. ടൂറിസം മേഖലകളിൽ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. തിരക്കുള്ള ഔട്ട്ലറ്റുകൾ സ്ഥലസൗകര്യമുള്ള ഇടങ്ങളിലേക്കു മാറ്റും. പാർക്കിങ് സൗകര്യവും ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രീമിയം കൗണ്ടറുകൾക്കായിരിക്കും പ്രാധാന്യം നൽകുക.

കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതിനാണ് നയത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപ്പാദിപ്പിക്കുന്നതും ബവ്റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *