കണ്ണൂരിലെ രാസലഹരി വില്‍പന ശൃംഖലയില്‍ പൊലീസ് തേടിയ നിര്‍ണായക കണ്ണിയായ നൈജീരിയന്‍ സ്വദേശിനി ബംഗലുരുവില്‍ അറസ്റ്റിലായി. നൈജീരിയ അബൂജ സ്വദേശിനി പ്രൈസ് ഓട്ടോണിയ(22) ആണ് ബാനസവാടിയിലെ ഫ്‌ലാറ്റില്‍ കേരളപൊലീസ് സംഘത്തിന്റെ പിടിയിലായത്. കണ്ണൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.പി.സദാനന്ദനും സംഘവും ബാനസവാടിയിലെത്തി നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഫലമായി ലഭിച്ച തെളിവുകളാണ് നൈജീരിയക്കാരിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
കണ്ണൂർ സിറ്റി മരക്കാർക്കണ്ടിയിൽ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയിൽ മുഹമ്മദ് ജാബിർ എന്നിവരെ നേരത്തെ നർകോട്ടിക് സെൽ ഡിവൈഎസ്പി ജസ്റ്റിൻ എബ്രഹാം അറസ്റ്റ് ചെയ്തിരുന്നു .ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 9 ആയി. 2കിലോയോളം എംഡിഎംഎ , കോക്കായിൻ, എൽഎസ് ഡി സ്റ്റാമ്പുകൾ തുടങ്ങിയ ലഹരി വസ്തുക്കൾ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപാരം നടത്തുന്ന നിസാമിന്റെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ 2ലക്ഷം രൂപവീതം ദിനംപ്രതി നൈജീരിയൻ സ്വദേശികളായ ഷിബുസോർ, അസിഫ. ടി. കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പോകുന്നതായി പോലീസ് മനസ്സിലാക്കി. ഈ അക്കൗണ്ടുകൾ പരിശോധിച്ചതിൽ ബാംഗ്ലൂർ യൂണിയൻ ബാങ്കിൽ നൈജീരിയൻ സ്വദേശികളയ വിദ്യാർത്ഥികളുടെ പേരിലാണ് പണം പോകുന്നത് എന്ന് മനസിലായി. അവർ താമസിക്കുന്ന ബാംഗ്ലൂർ ബാനസവാടിയിലെ വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഷിബു സോറും ആസിഫയും ഇതിനകം നൈജീരിയയിലേക്ക് മടങ്ങിയതായി മനസിലായി. പ്രൈസ് എന്ന മറ്റൊരു യുവതി പഠനം പൂർത്തിയാവാത്തതിനാൽ അതെ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. പ്രൈസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഓരോ മൂന്നു ദിവസത്തിലും മുപ്പത്തിനായിരം മുതൽ എൺപതിനായിരം രൂപവരെ അവരുടെ അക്കൗണ്ടിലേക്ക് വരുന്നതായി കണ്ടെത്തി.
. മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നു അവകാശപ്പെട്ട യുവതി നൈജീരിയൻ വിദ്യാർത്ഥികൾക്ക് നൈജീരിയൻ കറൻസിക്ക് പകരം ഇന്ത്യൻ കറൻസി നൽകുന്ന ഇടപാട് വഴിയാണ് രൂപ അക്കൗണ്ടിലെത്തുന്നതെന്ന് അവര്‍ വിശദീകരിച്ചു. എന്നാല്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ശബ്ദസന്ദേശങ്ങളും ടെക്‌സ്‌റ്റ് മെസ്സേജുകളും വിശകലനം ചെയ്‌തതോടെ കള്ളി വെളിച്ചത്തായി. പ്രൈസിന് മയക്കുമരുന്നു വ്യാപാരിയുമായുള്ള ബന്ധം ഫോണിലെ സന്ദേശങ്ങളില്‍ വ്യക്തമായിരുന്നു.
മയക്കുമരുന്ന് വ്യാപാരിയുമായി ബാംഗ്ലൂരിലെ ഒരു ഷോപ്പിംഗ് മാളിൽ നിൽക്കുന്ന ഒരു ഫോട്ടോ കൂടി ഗൂഗിൾ ഡ്രൈവിൽ നിന്നും കണ്ടെടുത്തതോടെ യുവതി കുടുങ്ങി.. അതോടെ പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കണ്ണൂർ ചാലാട് പടന്നപ്പാലത്തെ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്പന നടത്തിയ സംഭവത്തിൽ ജനീസിനെയും ജാബിറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർ നേരത്തെ ഗോവയിൽ ഉണ്ടെന്നു മനസിലാക്കിയ പോലീസ് അവിടെയും അന്വേഷണം നടത്തിയിരുന്നു
അസി. പോലീസ് കമ്മിഷണർ സദാനന്ദനു പുറമെ എസ്.ഐ. മഹിജന്‍, എഎസ്‌ഐ ചന്ദ്രശേഖരന്‍, സിദ്ദിഖ്, റാഫി എന്നിവരും ഒപ്പം എടക്കാട് എസ്.ഐ. മഹേഷ്, കണ്ണപുരം എസ്.ഐ. വിനീഷ് എന്നിവരും അന്വേഷകസംഘത്തില്‍ ഉണ്ടായിരുന്നു.













