25 വർഷത്തെ അനുഭവങ്ങളിൽ നിന്നും
ജനകീയാസൂത്രണത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്ന് സിപി എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് . ജനകീയാസൂത്രണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്ന കാലത്തിൽനിന്നും നമ്മൾ ഏറെ മുന്നോട്ടുപോയി. പുതിയ കാലം ആവശ്യപ്പെടുന്ന ജനകീയ ഇടപെടലുകളാണ് തദ്ദേശഭരണ സംവിധാനത്തിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപി എം 23ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കല്യാശേരിയിൽ സംഘടിപ്പിച്ച ‘ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്.
ജനകീയാസൂത്രണം നടപ്പാക്കാൻ കല്യാശേരി തെരഞ്ഞെടുത്തതിന് പല ഘടകങ്ങളുണ്ട്. കല്യാശേരിയുടെ ചരിത്ര സാമൂഹ്യ പശ്ചാത്തലം, ജനപ്രതിനിധികളുടെയും വിഷയ വിദഗ്ധരുടെയും പ്രദേശിക ജനതയുടെയും അകമഴിഞ്ഞ സഹകരണം എന്നിവ അതിൽ പ്രധാനമാണ്.
കല്യാശേരി ഒരു മാതൃകയായി അവതരിച്ചപ്പോഴും മറ്റ് സ്ഥലങ്ങളിൽ ഇത് അരാജക സ്വഭാവത്തിലേക്ക് പോകുമോ എന്ന് സംശയിച്ചവരുണ്ട്. പക്ഷേ, എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ രൂപമാണ് കല്യാശേരി നൽകിയത്.
താഴെത്തട്ടിൽനിന്ന് അധികാരത്തിൽ ഇടപെടാനുള്ള പൗരന്റെ ഇടം വികസിപ്പിച്ചു. പൗരബോധമുള്ള ജനം ഇടപെടുന്ന സ്ഥലങ്ങളിൽ കാര്യങ്ങൾ നന്നാവും. അത് നമ്മുടെ രാഷ്ട്രീയ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തിയാവും.
ഒരു പ്രദേശത്തിന്, അവിടത്തെ ജനതയ്ക്ക് ആവശ്യമായ എന്ത് പദ്ധതിയും തുടങ്ങാം.നാടിന്റെ സുസ്ഥിരമായ വികസനത്തിന്റെ ആസൂത്രണം മുതൽ പദ്ധതി നടപ്പാവുന്നത് വരെയുള്ള ഘട്ടങ്ങളിൽ ജനങ്ങളുടെ സജീവ ഇടപെടൽ വേണം. അന്ന് കല്യാശേരിയിൽ തുടങ്ങി വച്ച അധികാര വികേന്ദ്രീകരണമാതൃക ഇന്ന് എവിടെയെത്തി നിൽക്കുന്നുവെന്നതും വിശദ പഠനത്തിന് വിധേയ മാക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ തദ്ദേശ ഭരണ സംവിധാനങ്ങൾ മുന്നോട്ടു വരണമെന്നും തോമസ് ഐസക് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, പ്രൊഫ. എ ജി ഒലീന എന്നിവർ സംസാരിച്ചു. ടി ചന്ദ്രൻ സ്വാഗതം പറഞ്ഞു.













