നിരക്കുവർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. ആവശ്യങ്ങളുന്നയിച്ച് നാലുമാസം കഴിഞ്ഞിട്ടും സർക്കാർ വാക്കുപാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ബസ്സുടമകൾ പറയുന്നു. കുട്ടികൾക്ക് പരീക്ഷാസമയമായതിനാൽ പണിമുടക്കിൽനിന്നു വിട്ടുനിൽക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം ഉണ്ടായില്ല. നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തത്വത്തിൽ സമ്മതിച്ചിരുന്നു. എന്നാൽ എത്ര വർധന വേണം എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല.
അതേ സമയം പരീക്ഷാ സമയത്ത് പണിമുടക്ക് നടത്തിയാൽ കൂടിയ നിരക്കിൽ വർധന വരുത്തി സമരം തീർക്കാൻ സർക്കാർ തയ്യാറാവും എന്ന ചിന്ത ബസ്സുടമകളുടെ ഭാഗത്ത് ഉണ്ട്. അതേ പോലെ ഇതേ ” സൗകര്യം ” സർക്കാരിന്റെ ജോലിയും എളുപ്പമാക്കും.
കൂടിയ നിരക്ക് നൽകാൻ സർക്കാരിന് താൽപര്യമാണെന്നതിന് തെളിവായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വിവാദ പ്രസ്താവന ഉണ്ട്. പ്രതിഷേധം വന്നപ്പോൾ മന്ത്രി അത് വിഴുങ്ങി. ജനങ്ങൾ നിരക്കു വർധനയുമായി ഇണങ്ങണമെങ്കിൽ പണിമുടക്കത്തിന്റെ ദുരിതം ഉണ്ടാകണമെന്ന മനശ്ശാസ്ത്ര സമീപനം ചില കോണുകളിൽ ഉണ്ട്. അല്ലെങ്കിൽ എന്തിനാണ് സർക്കാർ തീരുമാനം ഇത്രയും നീട്ടിക്കൊണ്ടുപോകുന്നത് എന്ന ചോദ്യവും ഉയർന്നിരിക്കയാണ്.













