• Home
  • kerala
  • പോലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ചു : പോലീസ്മർദ്ദിച്ചപ്പോൾ ചാടിയതെന്ന് ഭാര്യ

പോലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ചു : പോലീസ്മർദ്ദിച്ചപ്പോൾ ചാടിയതെന്ന് ഭാര്യ

തിരുവനന്തപുരത്ത് പൊലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവാവ് മരിച്ചു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. നാല് ദിവസമായി ചികിത്സയിലായിരുന്നു ഇയാൾ. പോലീസ് കസ്റ്റഡിയിൽ മർദ്ദിച്ചത്തിനാലാണ് സനോഫർ ജീപ്പിൽ നിന്ന് ചാടിയതെന്ന് ആരോപിച്ച് ഇയാളുടെ ഭാര്യ രംഗത്ത് വന്നു. എന്നാൽ പൊലീസ് ഈ വാദം നിഷേധിച്ചു.

സനോഫർ കസ്റ്റഡിയിൽ അല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സനോഫർ ആക്രമിക്കുന്നതായി വീട്ടുകാർ ബുധനാഴ്ച കൺട്രോൾ റൂമിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൂന്തുറ പൊലീസ് സനോഫറിനെയും ഭാര്യയെയും സ്റ്റേഷനിൽ വിളിപ്പിച്ച ശേഷം തിരിച്ചയച്ചു.

പിന്നീട് സനോഫർ കുമരിച്ചന്തയിൽ റോഡിൽ പോയി കിടന്നു. പൊലീസെത്തി ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയിൽ എത്തിയെങ്കിലും സനോഫറിനെ ഏറ്റെടുക്കാൻ വീട്ടുകാർ തയാറായില്ല. പൊലീസ് ജീപ്പിൽ വീട്ടിൽ എത്തിച്ചുവെങ്കിലും സനോഫറിനെയും പൊലീസുകാരെയും അകത്തേക്ക് കടത്താതെ വീട്ടുകാർ ഗേറ്റ് അടച്ചുവെന്നും പൊലീസ് പറയുന്നു.

സനോഫറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഇയാളെയും കൂട്ടി പൊലീസുകാർ വീണ്ടും ആശുപത്രിയിലേക്ക് പോയി. ഈ സമയത്താണ് ഓടുന്ന ജീപ്പിന്റെ പുറകിൽ നിന്നും ചാടി ഓടാൻ ഇയാൾ ശ്രമിച്ചത്.

സനോഫറിനെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സനോഫർ ജീപ്പ് തുറന്ന് പുറത്തേക്ക് ചാടുന്നത് കോർപറേഷൻ ജീവനക്കാരനായ രാഹുൽ കണ്ടിരുന്നു. ജീപ്പിന് പിന്നിൽ ബൈക്കിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ. ഇയാളും പൊലീസിനൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു. സനോഫർ സ്വയം വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. സനോഫർ മദ്യപിച്ചിരുന്നെന്നും വീഴ്ചയിലുണ്ടായ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പൊലീസ് കസ്റ്റഡിയിൽ സനോഫറിന് മർദ്ദനമേറ്റെന്നും മുഖത്ത് പരിക്കുണ്ടെന്നും ഭാര്യ ആരോപിച്ചു. ഇതേ തുടർന്നാകാം സനോഫർ ജീപ്പിൽ നിന്ന് ചാടിയതെന്നും അവർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *