• Home
  • kerala
  • ഹിജാബ് വിധി പറഞ്ഞ ചീഫ് ജസ്റ്റിസിന് വധ ഭീഷണി : ജഡ്ജിമാർക്ക് ‘വൈ’ കാറ്റഗറി സുരക്ഷ

ഹിജാബ് വിധി പറഞ്ഞ ചീഫ് ജസ്റ്റിസിന് വധ ഭീഷണി : ജഡ്ജിമാർക്ക് ‘വൈ’ കാറ്റഗറി സുരക്ഷ

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ നൽകുമെന്ന് കർണാടക സർക്കാർ. ജഡ്ജിമാർക്ക്‌ നേരെ വധ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷ ഒരുക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

കർണാടക ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തിയെ കൊലപ്പെടുത്തുമെന്നു സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായതിനു പിന്നാലെയാണ് വിധി പറഞ്ഞ കർണാടക ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത്, ജസ്റ്റിസ് ജെ.എം.ഖാസി എന്നിവർക്കു വൈ കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്.

അഭിഭാഷകന്‍ എസ്. ഉമാപതിയുടെ വാട്സാപ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തമിഴ്നാട്ടിൽ നടന്ന പൊതു പരിപാടിയുടെ വീഡിയോ ആണ് ലഭിച്ചത്.

2021 ജൂലൈയിൽ ജാര്‍ഖണ്ഡിലെ ധൻബാദിൽ പ്രഭാത സവാരിക്കിടെ അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം പരമാർശിച്ചു കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ വധ ഭീഷണി.
ചീഫ് ജസ്റ്റിസ് പ്രഭാത സവാരിക്ക് പോകുന്ന ഇടങ്ങൾ ജനങ്ങൾക്ക് അറിയാമെന്നും ഭീഷണിയിൽ പറയുന്നു.

സന്ദേശം ലഭിച്ചതിനു പിന്നാലെ ഉമാപതി ഹൈക്കോടതി റജിസ്‌ട്രാറിനെ വിവരം അറിയിക്കുകയായിരുന്നു.

തമിഴിലായിരുന്നു ഭീഷണി സന്ദേശം. ഹിജാബ് വിഷയത്തിലെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദേശമെന്നും അഭിഭാഷകൻ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. കോവൈ റഹ്മത്തുള്ള, എസ്. ജമാല്‍ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും കർണാടക മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *