പടിഞ്ഞാറന്‍ രാജസ്ഥാനിലെ ഫലോഡിയില്‍ ശനിയാഴ്‌ച 42.2 ഡിഗ്രി താപനില രേഖപ്പെടുത്തിയതോടെ ഉത്തരേന്ത്യയില്‍ പലയിടത്തും ഉഷ്‌ണതരംഗത്തിന്റെ കാഠിന്യം പ്രകടമായി. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ പോലും താപനില ഭീകരമാണ്. ആഴ്ചയുടെ തുടക്കത്തിൽ, ഹിമാലയൻ സംസ്ഥാനങ്ങളിലും താഴ്‌വരകളിലും പോലും ഉയർന്ന താപനില സാധാരണയേക്കാൾ ഉയർന്നിരുന്നു. ഹിമാചല്‍ പ്രദേശിലും ജമ്മുവിലും പടിഞ്ഞാറന്‍ മധ്യപ്രദേശിലും ഉഷ്‌ണതരംഗ സൂചനകള്‍ ഉണ്ട്. ഏകദേശം ഒരാഴ്ചയായി രാജസ്ഥാൻ ,ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗം ഉണ്ടായിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴ,മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട് .
അതേസമയം മറ്റ് ചില സംസ്ഥാനങ്ങളില്‍ താപനില കുറയുന്നതായി രേഖപ്പെടുത്തുന്നുണ്ട്. വേനല്‍ മഴ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ചെറിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്; റായലസീമയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും മാർച്ച് 22 വരെയും തെലങ്കാനയിൽ ഞായറാഴ്ചയും. വടക്കുകിഴക്കൻ ഇന്ത്യയിൽ മാർച്ച് 21 മുതലും നേരിയതോ മിതമായതോ ആയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.













