ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ വ്യാഴാഴ്ച കെ റെയില്‍ കല്ലിടലിന് എതിരായ പ്രതിഷേധ സമരത്തിനിടയില്‍ കുട്ടിയുമായി എത്തിയ ജിജി ഫിലിപ്പിനെതിരെ നിയമ നടപടി. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നെന്ന് ആരോപിച്ച് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടികളെ സമരത്തിന് ഉപയോഗിച്ചെന്നും ആരോപിച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.
സമരത്തിനിടയില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയ അമ്മയെ കാണാതെ കുട്ടി കരയുന്നതും എനിക്ക് എന്റെ അമ്മയെ വേണം എന്നു പറഞ്ഞ് വിതുമ്പുന്നതും ഈ പ്രതിഷേധത്തിന് വന്‍ മാധ്യമശ്രദ്ധയും വാര്‍ത്താ പ്രാധാന്യവും നേടിക്കൊടുത്തിരുന്നു.
എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. മാടപ്പള്ളിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വിവാദമായതിന് പിന്നാലെ കുട്ടിയെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതിന് അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
എന്നാല്‍ കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ജിജി പറഞ്ഞു . മനപ്പൂര്‍വ്വം കുഞ്ഞിനെ സമരരംഗത്തേക്ക് എത്തിച്ചിട്ടില്ല. പോലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി പറഞ്ഞു.













