മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന സമിതി അംഗവുമായിരുന്ന എം.എം.മണിയുടെ “വണ്‍…ടു…ത്രീ” പ്രസംഗത്തിലൂടെ കേരളം ശ്രദ്ധിച്ച അഞ്ചേരി ബേബി വധക്കേസില്‍ മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി . എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് അദ്ദേഹം ഉൾപ്പെടെ മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. നേരത്തെ സെഷന്‍സ് കോടതിയെ എം.എം. മണി വിടുതല്‍ ഹര്‍ജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.
2012 മെയില്‍ ഇടുക്കി മണക്കാട് നടത്തിയ “വണ്‍…ടു…ത്രീ” വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിൽ അന്ന് ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്ന മണി പ്രതിയാവുന്നത്. 1982- ലെ കൊലപാതക കേസ് സംബന്ധിച്ചായിരുന്നു മണിയുടെ പ്രസംഗത്തിലെ പരാമർശം . ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറില്‍ മണിയടക്കമുള്ള മൂന്ന് നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. എം.എം. മണിയെ കൂടാതെ ഒ.ജി. മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികള്‍. എം.എം. മണിയുള്‍പ്പടെയുള്ളവര്‍ 46 ദിവസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായി പുറത്തുവന്ന ശേഷം മണി വിടുതല്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. വിചാരണ നേരിടാനും കോടതി ആവശ്യപ്പെട്ടു. ഈ വിധി ചോദ്യംചെയ്താണ് മണിയും കൂട്ടരും ഹൈക്കോടതിയിലെത്തിയത്.
അതേസമയം ഉത്തരവ് വലിയ നീതിനിഷേധമാണെന്ന് അഞ്ചേരി ബേബിയുടെ സഹോദരന്‍ അഞ്ചേരി ജോര്‍ജ് പ്രതികരിച്ചു. പ്രതികളുടെ ഉന്നതസ്വാധീനം ഉപയോഗിച്ച് കേസ് പലവട്ടം നീട്ടുകയും പല ബെഞ്ചുകള്‍ മാറുകയും ചെയ്തു. സാമ്പത്തികാവസ്ഥ മൂലം നല്ലൊരു വക്കീലിനെ വച്ച് കേസ് നടത്താന്‍ സാധിച്ചില്ല. കേസില്‍ കക്ഷി ചേര്‍ന്ന് ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും മുതിര്‍ന്ന അഭിഭാഷകനെ വച്ച് വാദിക്കാന്‍ സാധിച്ചിരുന്നില്ല. കേസ് ഏറ്റെടുക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.













