കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികള്‍ മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല മണ്ഡല്‍, കുടൂസ് മണ്ഡല്‍, നൗജേഷ് അലി, നൂര്‍ അമീന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്. മുഹമ്മദ് നൂറുള്ള എന്ന ആളാണ് ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്‍നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്കു മേലേക്ക് വീഴുകയായിരുന്നു.
അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ അവശ്യപ്പെട്ടതായി ജില്ലാ കളക്ടർ കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു. തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. മൃതദേഹങ്ങൾ വിമാനത്തിൽ നാട്ടിൽ എത്തിക്കും.
കഴുത്തറ്റ൦ വരെ മണ്ണ് വന്ന് നിറഞ്ഞുവെന്നും കരഞ്ഞപ്പോൾ അടുത്തുള്ളവ൪ തന്നെ പിടിച്ച് ഉയ൪ത്തിയതിനാലാണ് രക്ഷപ്പെട്ടതെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മോനി മണ്ഡൽ പറഞ്ഞു. അടുത്തുള്ള കുന്ന് നികത്തിയ മണ്ണാണ് ഇവിടെ എത്തിച്ച് നികത്തിയത്. ബലമില്ലാത്ത മണ്ണിൽ ജോലിയെടുക്കുക ബുദ്ധിമുട്ടെന്ന് നേരത്തെ കോൺട്രാകറെ അറിയിച്ചിരുന്നുവെന്നും എന്നാൽ അനുകൂല നടപടിയൊന്നും ഉണ്ടായില്ലെന്നും തൊഴിലാളികൾ പറഞ്ഞു.













