• Home
  • kerala
  • കെ റെയില്‍ പദ്ധതി പ്രതിഷേധത്തിൽ പോലീസിന്റെ ബലപ്രയോഗം: നാളെ ചങ്ങനാശ്ശേരിയിൽ യുഡിഫ്, ബിജെപി ഹർത്താൽ

കെ റെയില്‍ പദ്ധതി പ്രതിഷേധത്തിൽ പോലീസിന്റെ ബലപ്രയോഗം: നാളെ ചങ്ങനാശ്ശേരിയിൽ യുഡിഫ്, ബിജെപി ഹർത്താൽ

ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ പദ്ധതിക്കായി കല്ലിടുന്നതിനിടെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കു നേരെ പോലീസിന്റെ ബലപ്രയോഗം. സ്ത്രീകളെ പോലീസ് വലിച്ചിഴച്ച് നീക്കി. പ്രതിഷേധം കടുത്തതോടെ സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്.

പോലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് നാളെ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ രാവിലെ 6 മണി മുതൽ 12 മണിക്കൂർ യുഡിഎഫും ഹർത്താൽ ആചരിക്കും. ബിജെപി യും ഹർത്താൽ പ്രഖ്യാപിച്ചു.

മനുഷ്യശൃംഖല തീര്‍ത്തായിരുന്നു ഇന്ന് രാവിലെ മുതല്‍ മാടപ്പള്ളിയില്‍ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയില്‍ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടര്‍ന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീര്‍ത്ത് നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.

പിന്നീട് കെ റെയില്‍ ഉദ്യോഗസ്ഥര്‍ അടയാള കല്ലും പോലീസ് സന്നാഹമായി തിരിച്ചെത്തി. കെ റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങുകയും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. എന്നാല്‍ കെ റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയ പോലീസിന് നേരെ പ്രതിഷേധക്കാര്‍ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയത്. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പോലീസ് പറഞ്ഞു.
പ്രതിഷേധം ഉണ്ടായെങ്കിലും അത് വകവെക്കാതെ കെ റെയില്‍ സര്‍വ്വേക്കല്ലിട്ടശേഷമാണ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും പോയത്. കോട്ടയം ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക.

Leave a Reply

Your email address will not be published. Required fields are marked *