മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെയാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. ആശുപത്രിയിലെ ഡ്യൂട്ടി ലിസ്റ്റും പരിശോധിച്ചു. വാര്‍ഡിലെത്തിയ മന്ത്രിയോട് ഒരു രോഗിയുടെ ബന്ധു കാരുണ്യ ഫാര്‍മസിയില്‍ നിന്നും മരുന്ന് കിട്ടുന്നില്ലെന്ന പരാതി പറഞ്ഞു. മന്ത്രി മരുന്നിന്റെ കുറുപ്പ് വാങ്ങി കാരുണ്യ ഫാര്‍മസിയിലെത്തി. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു. മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ദേഷ്യപ്പെട്ടു.
പിന്നാലെ മാസ്‌ക് ധരിച്ച് മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാന്‍ ജീവനക്കാര്‍ പതറി. ഉടന്‍ തന്നെ മന്ത്രി ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിക്കുകയും മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം നൽകുകയും ചെയ്തു . വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയാണ് വീണ ജോർജ് മടങ്ങിയത്..













