തിരുവനന്തപുരം ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐ.- കെ.എസ്.യു. പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാത്രി ഏറ്റുമുട്ടിയപ്പോൾ ഇന്ന് നിയമസഭയിൽ ഇതിന്റെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലും രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. പ്രതിപക്ഷ നേതാവ് കെ എസ് യു ക്കാരുടെ നിലവാരത്തിലേക്ക് പോയി എന്ന് മുഖ്യമന്ത്രി ആരോപിച്ചത് രൂക്ഷമായ രംഗങ്ങൾക്ക് കാരണമായി.
ലോ കോളജിൽ കെഎസ്‌യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ മാർച്ചിൽ ഉന്തും തള്ളും ഉണ്ടായി . പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ലോ കോളേജിലെ സംഘര്‍ഷം ലോക്‌സഭയിലും ഇന്ന് ഉന്നയിക്കപ്പെട്ടു. ഹൈബി ഈഡന്‍ എം.പി.യാണ് ഇക്കാര്യം ഉന്നയിച്ചത്.
ഇന്നലെ ലോ കോളേജിൽ ഒരു വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനും പരിക്കേൽക്കുകയുണ്ടായി . കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ്, ജനറല്‍ സെക്രട്ടറി ആഷിഖ് അഷറഫ്, നിതിന്‍ തമ്പി, എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗം അനന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8.15-ഓടെയായിരുന്നു സംഭവം. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം തുടങ്ങിയത്. വൈകീട്ട് മഴ പെയ്തതിനാല്‍ ക്ലാസ് റൂമില്‍ വെച്ചാണ് കലാപരിപാടികള്‍ നടന്നത്. കെ.എസ്.യു. ഭാരവാഹി ആഷിഖിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് സഫ്നയ്ക്ക് അടിയേല്‍ക്കുന്നത്. സഫ്നയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പരിക്കേറ്റവരുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
എസ്എഫ്ഐ പ്രവർത്തകർ തന്നെ തള്ളിയിട്ട് വലിച്ചിഴച്ചതായി സഫ്ന
എസ്എഫ്ഐ പ്രവർത്തകർ തന്നെ നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് മർദിച്ചതായി ലോ കോളജിലെ കെഎസ്‌യു നേതാവ് സഫ്ന പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ വൈരാഗ്യമോ പ്രവർത്തകരോടുള്ള വൈരാഗ്യമോ ആണ് മർദനത്തിനിടയാക്കിയതെന്ന് സഫ്ന മാധ്യമങ്ങളോടു പറഞ്ഞു. സാധാരണ രീതിയിലുള്ള യൂണിയൻ ആഘോഷമാണ് നടന്നത്. ആഘോഷം കഴിഞ്ഞതിനുശേഷമാണ് എസ്എഫ്ഐ അക്രമം ഉണ്ടായത്. കെഎസ്‌യു പ്രവർത്തകൻ ആഷിഖിനെയാണ് ആദ്യം എസ്എഫ്ഐക്കാർ ആക്രമിച്ചത്. തടയാൻ ചെന്ന തന്നെ താഴേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നിരവധി പേർ ഇടിച്ചു. നേരത്തെയും കോളജിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പരാതി കൊടുത്തിട്ടും സ്റ്റാഫ് കൗൺസിൽ എസ്എഫ്ഐയുടെ ഭാഗത്താണ് നിന്നത്. പരാതിയിൽ പൊലീസും യാതൊരു നടപടിയും എടുത്തില്ല. അവർ അൻപതോളം പേർ ഉണ്ടായിരുന്നു. ആദ്യം കോളജിനുള്ളിലായിരുന്നു മർദനം. പിന്നീട് പുറത്ത് ഗേറ്റിനു മുന്നിലും അടി നടന്നുവെന്ന് സഫ്ന പറഞ്ഞു.
എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സമീപനമാണ് എസ്എഫ്ഐയുടേതെന്നും നേരത്തെ തന്റെ നേർക്കു പെയിന്റ് കോരി ഒഴിച്ച സംഭവമുണ്ടായെന്നും സഫ്ന പറഞ്ഞു. ക്യാംപയിനു ചെന്നപ്പോഴും അതിക്രമം ഉണ്ടായി. കെഎസ്‌യു അനുഭാവി ആണെങ്കിൽ കോളജിൽ പീഡനമാണ്. എസ്എഫ്ഐയ്ക്കു മറ്റുള്ളവരോട് അസഹിഷ്ണുതയാണ്–വനിതാ നേതാവ് ആരോപിച്ചു.













