സി.പി.ഐക്കെതിരെ ചിന്ത വാരികയില്‍ തിരുത്തല്‍ വാദത്തിന്റെ ചരിത്ര വേരുകള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച നിശിത വിമര്‍ശനത്തിന് അതേ രീതിയില്‍ സി.പി.ഐ.യുടെ പക്ഷത്തു നിന്നും ഉടന്‍ പ്രതികരണം. ചിന്തയ്‌ക്കു ബദല്‍ നവയുഗം എന്ന രീതിയില്‍ സി.പിഐ. മുഖ പ്രസിദ്ധീകരണമായ നവയുഗത്തില്‍ തിരിഞ്ഞുകൊത്തുന്ന നുണകള്‍ എന്ന തലക്കെട്ടിലാണ് ലേഖനം. ചിന്ത വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ വിഡ്ഢിത്തരങ്ങളാണ് ഉള്ളതെന്ന് നവയുഗം പറയുന്നു. കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകരാണെന്ന് വിളിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആണെന്നും ലേഖനം വിമര്‍ശിക്കുന്നു.

‘ചിന്ത’യിലെ ലേഖനം ഹിമാലയന്‍ വിഡ്ഢിത്തമാണെന്ന ആമുഖത്തോടെയാണ് നവയുഗത്തിലെ ലേഖനം ആരംഭിക്കുന്നത്. യുവാക്കളുടെ ഒരു വലിയ സമൂഹത്തെ വിപ്ലവ വ്യാമോഹം നല്‍കി സായുധവിപ്ലവത്തിലേക്ക് അടക്കം തള്ളിവിട്ടത് സി.പി.എമ്മാണെന്നും ലേഖനം ആരോപിക്കുന്നു.
കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ. എന്നാണ് ചിന്ത വാരികയിൽ വന്ന ലേഖനത്തിൽ പറഞ്ഞിരുന്നത്. പാലക്കാട് ഒറ്റപ്പാലത്തെ സി.പി.എം നേതാവും സാംസ്‌കാരിക രംഗത്തെ മുഖവുമായ ഇ.രാമചന്ദ്രന്‍ എഴുതിയതായിരുന്നു ലേഖനം. ഇടതു പക്ഷത്തെ തിരുത്തല്‍ ശക്തിയാണ് സി.പി.ഐ.എന്ന അവകാശവാദത്തെയും രാമചന്ദ്രന്‍ പരിഹസിച്ചിരുന്നു.
റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും ‘ചിന്ത’ ലേഖനം പറയുന്നു. ഇത് വാരികയില്‍ പ്രസിദ്ധീകരിച്ച വായനക്കാരന്റെ ഒരു കത്ത് മാത്രമാണ് എന്നും സി.പി.എമ്മിന്റെ അഭിപ്രായമല്ല എന്നുമായിരുന്നു കോടിയേരി ബാലകൃഷ്‌ണന്റെ പ്രതികരണം.













