• Home
  • latest news
  • ഇന്ത്യൻ സൈന്യത്തിന്റെ മിസൈൽ പാക്കിസ്ഥാനിൽ വീണു

ഇന്ത്യൻ സൈന്യത്തിന്റെ മിസൈൽ പാക്കിസ്ഥാനിൽ വീണു

മാര്‍ച്ച്‌ ഒമ്പതിന്‌ ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്‌താനില്‍ പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പാകിസ്‌താന്‍ കഴിഞ്ഞ ദിവസം ഇക്കാര്യം ഉന്നയിച്ചിരുന്നു. മാര്‍ച്ച്‌ ഒമ്പതിന്‌ അറ്റകുറ്റപ്പണിക്കിടെ സാങ്കേതിക കാരണങ്ങളാലാണ്‌ ഇതുണ്ടായതെന്നും സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്‌താവിച്ചു. സംഭവത്തില്‍ ദുഖം രേഖപ്പടുത്തുന്നതായും ആളപായം ഇല്ലാതിരുന്നത്‌ ആശ്വാസകരമായെന്നു മന്ത്രാലയം പറഞ്ഞു.

പാക്‌ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വ്വീസസ്‌ പബ്ലിക്‌ റിലേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്‌തിഖര്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള ഒരു മിസൈലെന്നു കരുതാവുന്ന വസ്‌തു പാകിസ്‌താനില്‍ പതിച്ചതിനെപ്പറ്റി പ്രസ്‌താവിച്ചിരുന്നു. ആയുധമല്ലാത്തതിനാല്‍ ആളപായമില്ലായിരുന്നു എന്നും ബാബര്‍ പറഞ്ഞിരുന്നു.

“മാർച്ച് 9 ന് വൈകുന്നേരം 6.43 ന് ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് വളരെ ഉയർന്ന വേഗതയിൽ ഒരു മിസൈൽ പതിച്ചു. അത് പെട്ടെന്ന് മിയാൻ ചന്നു മേഖലയിൽ വീണു. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലെത്താൻ മൂന്ന് മിനിറ്റ് എടുത്തു. ആകെ 124 കിലോമീറ്റർ ദൂരം പിന്നിട്ടു. 6.50ഓടെയാണ് തകർന്നത്. ചില വീടുകൾക്കും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്ത്യയിലെ സിർസയിൽ നിന്നാണ് ഈ മിസൈൽ വിക്ഷേപിച്ചത്.”-ബാബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബാബറിന്റെ വാർത്താസമ്മേളനത്തിന് മുമ്പ് ഇന്ത്യയുടെ സ്വകാര്യ വിമാനം മുൾട്ടാനിലെ മിയാൻ ചന്നു മേഖലയിൽ തകർന്നു വീണതായി പാക് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *