കൊച്ചിയിൽ ബക്കറ്റിൽ മുക്കിക്കൊന്ന കുഞ്ഞ് നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ആണ് പൊലീസ് കണ്ടെത്തൽ. നിരവധി മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരും. അമ്മൂമ്മ സിപിസിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ തുടർന്നാണ് താൻ സിപ്സിയുമായി അകന്നതെന്ന് കേസിലെ പ്രതിയും സിപ്സിയുടെ കാമുകനുമായ ജോൺ ബിനോയ് ഡിക്രൂസ് പോലീസിന് മൊഴി നൽകി.
ലഹരി മരുന്ന് ഇടപാടുകൾക്ക് മറയായാണ് സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. ഇരുവരുമുള്ള യാത്രയിലെല്ലാം കുട്ടികളെയും കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുക്കുമ്പോൾ കുട്ടികൾ ഉള്ളത് കൊണ്ട് സംശയം തോന്നാതിരിക്കാനാണ് ഈ തന്ത്രം. ഇത് എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്സി, ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ കുട്ടികളെ ഡിക്സിക്കു വിട്ടു നൽകിയില്ല.
എനിക്കു കിട്ടാതിരിക്കാൻ അവർ മനഃപൂർവം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാൽ അവളെ കാണില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. കൊന്നു കളയുമെന്ന് കരുതിയില്ല.കഴിഞ്ഞ 6ന് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ കഫെറ്റീരിയയിൽ ഒപ്പം ജോലി നോക്കിയിരുന്ന ആൾ നാട്ടിൽ പോയതിനാൽ അവധി കിട്ടിയില്ല.വരാൻ പറ്റിയിരുന്നെങ്കിൽ എന്റെ മകൾക്ക് ഈ ഗതി വരുമായിരുന്നില്ല’- നോറയുടെ അമ്മ ഡിക്സി പറഞ്ഞു. കഴിഞ്ഞ 3 മാസമായി ഇവർ വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു.
കുട്ടികളെ നന്നായി നോക്കാനാണു വിദേശജോലി തിരഞ്ഞെടുത്തതെന്നു ഡിക്സി പറയുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് താൻ ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ഡിക്‌സിയുടെ പരാതി.
വിദേശത്തായിരുന്നപ്പോൾ അമ്മ മേഴ്‌സിയോട് നിദേശിച്ചതിനെ തുടർന്ന് മേഴ്‌സിയാണ് ശിശുക്ഷേമ സമിതിയിൽ പരാതി നൽകിയത്.
കുട്ടികളെ ഭർത്താവിന്റെ മാതാവ് ഹോട്ടലിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ വിട്ട് കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണ് സമിതി സ്വീകരിച്ചത്. കുട്ടികൾ സുരക്ഷിതരല്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യം ചൈൽഡ് ലൈനിനോട് ആവശ്യപ്പെട്ടിരുന്നതാണ്.എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകി.
ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോൺ ബിനോയ് ഡിക്രൂസും സിപ്സിയും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ വീട്ടിൽ അറിഞ്ഞതിനെത്തുടർന്നു മാതാപിതാക്കളും ജോണും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജോണിനെ
മാതാപിതാക്കൾ ദത്തെടുത്ത് വളർത്തിയതാണ്.
കുഞ്ഞിനെ കൊന്നശേഷം ജോൺ മാതാപിതാക്കളെ ചെന്നുകാണുകയും വിവരം പറയുകയും ചെയതിരുന്നു
ജോണിന്റെ മാതാവ് തന്നെയാണ് പള്ളുരുത്തി പോലീസിൽ വിവരം വിളിച്ചറിയിച്ചത്.സിപ്സിയിൽനിന്ന് അകന്നുമാറാൻ ശ്രമിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസിൽ കുടുക്കുന്നതും ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ, ജോണിന്റെ മകളാണെന്ന് ആരോപിച്ചു ജോണിന്റെ വീട്ടിലും ജോലി സ്ഥലത്തും സിപ്സി എത്തിയിരുന്നു. ഇതാണ് കുട്ടിയെ ഇല്ലാതാക്കാനുള്ള പ്രകോപനമെന്നാണു പൊലീസിന്റെ വിലയിരുത്തൽ.
അതേ സമയം, കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചു
ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ച് മർദ്ദനമേറ്റത്. നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയിൽ വച്ച് നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.
അമിത വേഗത്തിൽ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാർ തടയുകയും അസഭ്യവർഷം നടത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

സ്ഥലത്തുണ്ടായിരുന്ന ചിലർ ചേർന്ന് ഇയാളെ കാറിൽ കേറ്റിയിരുത്തിയെങ്കിലും സംഘർഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മിൽ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവിൽ സജീവ് എത്തിയ കാറിൻ്റെ ചില്ല് നാട്ടുകാർ അടിച്ചു തകർത്തു.













