കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിനടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കുഞ്ഞിന്റെ കൊലപാതകത്തിൽ കുട്ടിയുടെ പിതാവിൻ്റെ അമ്മയുടെ കാമുകനും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസിനെ (27) പൊലീസ് അറസ്റ്റ് ചെയ്‌തു.
അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിൻ്റേയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്.
മാർച്ച് അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ പിതാവിൻ്റെ അമ്മയായ സിപ്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനും ബിനോയ് ഡിക്രൂസിനുമൊപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സിപ്സി അതിരാവിലെ പുറത്തേക്ക് പോവുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.
തിങ്കളാഴ്ച രാത്രിയിൽ കുട്ടികളും യുവാവും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്.
പുലർച്ചെ ഒരു മണിയോടെ ഈ സ്ത്രീ ഹോട്ടൽ മുറിയിലേക്ക് എത്തുകയും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ റിസപ്ഷനിലേക്ക് വന്ന് കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പറഞ്ഞു. ഈ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഹോട്ടലിൽ നിന്നും രണ്ട് കുഞ്ഞുങ്ങളുമായി സിപ്സി ആശുപത്രിയിലേക്ക് പോയി. അൽപസമയം കഴിഞ്ഞ് യുവാവ് ഹോട്ടൽ റിസപ്ഷനിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിനേയും കൊണ്ട് സിപ്സി ആശുപത്രിയിൽ എത്തിയെങ്കിലും അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായെന്നാണ് സിപ്സി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി സിപ്സിയുടെ മൊഴി രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി മോർച്ചറിയിലക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ് മോർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി.
ഇതോടെ പൊലീസ് യുവാവിനേയും സിപ്സിയേയും കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെ ഹോട്ടൽ മുറിയിൽ വച്ച് സിപ്സിയും ബിനോയ് ഡിക്രൂസും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഒന്നര വയസ്സുള്ള പെൺകുഞ്ഞിൻ്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു വഴക്ക്. പിന്നാലെ സിപ്സി ഹോട്ടൽ മുറിയിൽ നിന്നും പുറത്തേക്ക് പോയി. അന്ന് അർധരാത്രി യുവാവ് സിപ്സിയെ വിളിക്കുകയും ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ച് അബോധാവസ്ഥയിലായെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സിപ്സി ഹോട്ടലിലേക്ക് എത്തുകയും കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
രാവിലെ നടന്ന തർക്കത്തിൽ പ്രകോപിതനായ ബിനോയ് കുഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ബിനോയും രണ്ട് കുട്ടികളും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കൊന്നത് യുവാവ് ഒറ്റയ്ക്കാണ് എന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ബിനോയ് ഡിക്രൂസിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപ്സി ഇപ്പോഴും എറണാകുളം നോർത്ത് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളെല്ലാം സൂഷ്മമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ച ഹോട്ടലിൽ എത്തുകയും മുറി പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥരും മുറയിൽ എത്തി പരിശോധന നടത്തി. ഉച്ചയോടെ ബിനോയിയേും സിപ്സിയേയും ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കുഞ്ഞിൻ്റെ മാതാവ് ഡിക്സി മൂന്ന് മാസമായി വിദേശത്താണ്. വിവരമറിഞ്ഞ് ഇവർ നാട്ടിലെത്തിയിട്ടുണ്ട്. ഹോട്ടൽ മുറിയിലുണ്ടായിരുന്ന നാല് വയസുകാരനെ അമ്മയുടെ കൂടെ അയച്ചതായി പൊലീസ് അറിയിച്ചു.കുഞ്ഞിൻ്റെ പിതാവ് സജീവ് ഒരു വർഷം മുൻപുണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
നോറയുടെ സംസ്കാരം കൊച്ചി കറുകുറ്റി പള്ളിയിൽ നടക്കും.













