തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
നഗരത്തിലെ പള്ളിയിൽ വച്ചു താലി കെട്ടിയതുൾപ്പെടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കു നയിച്ച പെട്ടെന്നുണ്ടായ പ്രകോപനമെന്ന് പ്രതി പ്രവീൺ പോലീസിനോട് പറഞ്ഞു. പോലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്ന ഗായത്രിയും പ്രവീണും പ്രണയത്തിലായിരുന്നു.
നിലവിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പു കൊടുത്തിരുന്നെങ്കിലും അതിനു തയാറായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു. രഹസ്യമായി ഈ ബന്ധം തുടരാനായിരുന്നു പദ്ധതി.
ഗായത്രിയെ സമാധാനിപ്പിക്കാനായി 2021 ഫെബ്രുവരിയിൽ നഗരത്തിലെ ഒരു പള്ളിയിൽ കൊണ്ടുപോയി താലി കെട്ടി. അതിന്റെ ചിത്രവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഗായത്രി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നു. ഒരു കാരണവശാലും ഈ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് പ്രവീൺ നിർദേശിച്ചിരുന്നു.
ഇവരുടെ ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യയുടെ പരാതിയെത്തുടർന്നു ജ്വല്ലറി അധികൃതർ ഇയാളെ തമിഴ്നാട്ടിലെ തിരുവണ്ണാമലയിലേക്കു സ്ഥലം മാറ്റി. ഇന്നലെ ഉച്ചയോടെ അവിടെ എത്തണമെന്നും നിർദേശിച്ചു.
പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്.കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയയ്ക്കാൻ വേണ്ടിയാണു നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തു ഗായത്രിയെ വിളിച്ചു വരുത്തിയതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. തന്നെ വഞ്ചിക്കുകയാണെന്നു മനസ്സിലാക്കിയ ഗായത്രി പ്രവീണുമായി വഴക്കിടുകയും തർക്കത്തിനിടെ താലികെട്ടിന്റേതുൾപ്പെടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
തമിഴ് നാട്ടിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്.തന്നെയും ഒപ്പം കൂട്ടണമെന്നു ഗായത്രി ആവശ്യപ്പെട്ടെങ്കിലും പ്രവീൺ സമ്മതിച്ചില്ല.
തർക്കത്തിനൊടുവിൽ ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ച് ഗായത്രിയെ കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ ഉടൻ സ്ഥലം വിട്ടു . ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നത്.
ഈ ഫോണിൽ നിന്നാണ് പ്രവീൺ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പറഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു.
ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത്. വൈകിട്ട് പ്രവീൺ മുറിയിൽനിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്.
107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടൽ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോൾ. ജീവനക്കാർ തിരക്കിയെത്തിയപ്പോൾ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ പ്രവീൺ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.













