തമ്പാനൂർ ഹോട്ടൽ മുറിയിൽ കൊലചെയ്യപ്പെട്ട ഗായത്രിയുടെ അമ്മ സുജാതയെ പ്രതി പ്രവീൺ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഗായത്രിയുടെ അമ്മയുടെ വെളിപ്പെടുത്തൽ.
കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ ഫോണെടുത്തത്ത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ല.
മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു.
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തിന്റെ പ്രകോപനമെന്നാണ് പ്രവീൺ പറഞ്ഞത്.
എന്നാൽ പ്രവീൺ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പ്രവീൺ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ ഗായത്രിയെ കഴുത്തിൽ കുരുക്കിട്ട ശേഷം മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
ശനിയാഴ്ച അർധ രാത്രിയോടെയായി പ്രവീണും ഗായത്രയും എടുത്തിരുന്ന മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ഗായത്രിയുടെ ഫോണുമായി പ്രവീൺ രക്ഷപെടുകയായിരുന്നു. പിന്നീട് ഇയാൾ തന്നെയാണ് ഹോട്ടലിൽ വിളിച്ച് ഗായത്രി റൂമിൽ മരിച്ചു കിടക്കുന്ന വിവരം അറിയിച്ചത്.
നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്ന ഗായത്രിയും പ്രവീണും പ്രണയത്തിലായിരുന്നു.
നിലവിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പു കൊടുത്തിരുന്നെങ്കിലും വഞ്ചിക്കുകയായിരുന്നു.
ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റിയത്. ഗായത്രി നേരത്തെ ജ്വല്ലറി വിട്ടിരുന്നു. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്. തമിഴ് നാട്ടിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്തും കൊലപാതകത്തിൽ കലാശിച്ചതും.













