തന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടായ ഒരിക്കലും മറക്കാനും മായ്‌ച്ചു കളയാനും ആവാത്ത ഭയാനകമായ അതിക്രമത്തെക്കുറിച്ചും പിന്നീട് തനിക്ക് ജീവിതത്തിലും കരിയറിലും നേരിടേണ്ടിവന്ന ആഴത്തിലുള്ള പ്രതിസന്ധികളെക്കുറിച്ചും ആദ്യമായി തുറന്നു പ്രതികരിച്ച് നടി ഭാവന.

വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ ‘വി ദി വിമെന്‍’ പരിപാടിയിലാണ് ഭാവന തന്റെ ഇതുവരെ മറച്ചു വെച്ച വേദനകൾ, പ്രതിസന്ധികൾ എന്നിവ സംബന്ധിച്ച് തുറന്നു പ്രതികരിച്ചത്.
അതുവരെയുള്ള ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവങ്ങളാണ് ഒരിക്കൽ ഉണ്ടായത്. ബുദ്ധമുട്ടേറിയ ആ യാത്ര ഇപ്പോഴും തുടരുകയാണ്. ഒരിക്കലും ഒരു ഇരയല്ല, അതിജീവിതയാണ് താനെന്നും ഭാവന പറഞ്ഞു.

നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. തിരിച്ചു വരവ് അതീവ പ്രയാസമേറിയതാണ്. എങ്കിലും മലയാള സിനിമയിലേക്ക് തിരിച്ചു വരും. ഞാന്‍ മാറിനിന്നത് എന്റെ മനസമാധാനത്തിനാണ്. തെളിവെടുപ്പ് നടന്ന 15 ദിവസം അതീവ പ്രയാസമേറിയതായിരുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലൂടെ കടന്ന് പോയി താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. തികച്ചും ഒറ്റപ്പെട്ടു എന്നു തോന്നിയ ദിവസങ്ങളായിരുന്നു അവ. തുറന്നു പറഞ്ഞതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ട്.

അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം ഒരു സന്ദര്‍ഭം നേരിടേണ്ടി വരുമായിരുന്നില്ല. മോശമായി വളര്‍ത്തപ്പെട്ടവള്‍ എന്നുപോലും പലരും പറഞ്ഞു. എന്നാല്‍ കുടുംബവും സിനിമാ മേഖലയില്‍ ഉള്ള സുഹൃത്തുക്കളും ഒപ്പം നിന്നു. ഒപ്പം നിന്നവരോടെല്ലാം നന്ദിയുണ്ട്. ഏതു തരം പ്രയാസങ്ങളിലൂടെയായാലും കടന്നുപോകുന്ന സ്ത്രീകളെ സമൂഹം കാണുന്നത് വേറെ ഒരു വീക്ഷണത്തിലൂടെയാണ്. അത് മാറണം. അതിജീവിതരെ സമൂഹം അംഗീകരിക്കണം. അവരുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യണമെന്നും അവര്‍ക്ക് പിന്‍തുണ നല്‍കണമെന്നും ഭാവന പറഞ്ഞു.
നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു-ആഷിഖ് അബു
അഞ്ചുവർഷത്തിനുശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സംവിധായകൻ ആഷിഖ് അബു പറഞ്ഞു. നമ്മുടെ സിനിമാ ആലോചനകളിൽ കൂടെക്കൂടെ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിച്ചിരുന്നു. ഒരു കഥ അവർ കേട്ടു; അത് ഇഷ്‌ടമാകുകയും ചെയ്‌തു. മുമ്പ് പലതവണ ഭാവനയോട് തിരിച്ചുവരണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ, മാനസികസമ്മർദ്ദം അവരെ പിന്നോട്ടുവലിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു.













