ഉക്രെയ്നില്‍ അകപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ സർക്കാരിൻ്റെ പക്കലില്ലെന്ന് നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. വിദേശത്ത് പോകുമ്പോൾ രജിസ്ട്രേഷന്‍ നടത്തണമെന്ന നിർദേശം പാലിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഉക്രെയ്നില്‍ പോയത് 152 വിദ്യാർത്ഥികൾ മാത്രമാണ്. യുദ്ധം ഉണ്ടായപ്പോൾ മടങ്ങി വരാൻ രജിസ്റ്റർ ചെയ്തത് 3500 ൽ പരം പേരും. രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണ്.
വിദേശ രാജ്യങ്ങളിൽ പഠനത്തിനും, ജോലിക്കും പോകുമ്പോൾ നോർക്ക രജിസ്ട്രേഷൻ അനിവാര്യമാണെന്നാണ് ഉക്രെയ്ന്‍ സംഭവം വ്യക്തമാക്കുന്നത്.
അതിനാൽ നോർക്കയിൽ എല്ലാവരും നിർബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഉക്രെയിനിൽ കുടുങ്ങിയ 244 മലയാളികളെ കേരളത്തിൽ എത്തിച്ചു. ഒരാൾ അബുദാബി സ്വദേശിയായ പ്രവാസി മലയാളിയാണ്. ഇവരെ ഡൽഹിയിൽ നിന്നും അബുദാബിയിലേക്ക് എത്തിച്ചിട്ടുണ്ട്. മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും ഇതിനായി പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും പി.ശ്രീരാമക്യഷ്ണൻ വ്യക്തമാക്കി.
അതേസമയം യുക്രെയ്നില്‍ അകപ്പെട്ട ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയുടെ പ്രവർത്തനം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
വ്യോമസേന വിമാനം ഇന്ന് രാവിലെ റൊമാനിയയിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.
ഖർകിവിലും സുമിയിലുമായി ഇന്ത്യാക്കാരായ 4000 പേരുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി ഇന്നലെ അറിയിച്ചിരുന്നു. റഷ്യൻ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.













