ഉക്രെയിനിലെ കീവിലും പരിസര പ്രദേശങ്ങളിലും യുദ്ധം രൂക്ഷമാകുമ്പോൾ റഷ്യ ഉക്രെയിനിൽ ക്ലസ്റ്റർ ബോംബുകളും വാക്വം ബോംബുകളും പ്രയോഗിച്ചതായാണ് യുഎസിലെ ഉക്രെയ്ൻ അംബാസഡറും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നത്. ആഗോളതലത്തിൽ നിരോധിക്കപ്പെട്ട വാക്വം ബോംബ് എന്നറിയപ്പെടുന്ന തെർമോബാരിക് ആയുധം റഷ്യ ഉപയോഗിച്ചതായാണ് ആരോപണം.
എന്താണ് വാക്വം ബോംബ്?
വാക്വം ബോംബുകള്‍ അഥവാ തെർമോബാരിക് ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്.
സാങ്കേതിക വിദ്യയുടെ പുരോഗതിയും കരുത്ത് തെളിയിക്കാനുള്ള ലോക രാഷ്ട്രങ്ങളുടെ ആവേശത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആയുധമായി വാക്വം ബോംബുകളെ വിശേഷിപ്പിക്കാം.
ഉയർന്ന സ്ഫോടന ശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്ഫോടനത്തിന്റെ ഭാഗമാക്കും.
ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനത്തേക്കാൾ പതിൻമടങ്ങ് ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യ ശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ശ്വാസകോശത്തിലെ ഓക്സിജൻ വലിച്ചെടുക്കുകയാണ് വാക്വം ബോംബ് ചെയ്യുക.
സാധാരണ ബോംബാക്രമണത്തെക്കാളും കൂടുതൽ നേരം നിലനിൽക്കുന്നതാണ് വാക്വം ബോംബുകളുടെ ആക്രമണം എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
1960 കളില്‍ വിയറ്റ്നാം യുദ്ധ കാലത്താണ് അമേരിക്ക ആദ്യമായി തെർമൊബാരിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിരിക് ബോംബുകൾ ഉപയോഗിച്ചിരുന്നു.













