തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഡോ.എസ് സുനിൽ കുമാറിനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് കണ്ണൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്.
അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ്മുടക്കി സമരവുമായി വിദ്യാർത്ഥികൾ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്.
പീഡന കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽ കുമാറിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനിടെ, സുനിൽ നേരത്തെയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ് രംഗത്ത് വന്നു. വാട്സാപ്പിൽ സുനിൽ കുമാർ അയച്ച മെസ്സേജുകൾ പങ്ക് വെച്ച് കൊണ്ടാണ് നടി ആരോപണം ഉന്നയിച്ചത്.
രണ്ട് അധ്യാപകർക്കെതിരെയാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെൺകുട്ടി ആരോപണമുന്നയിച്ചത്. കേരള സർവകലാശാലയിൽ നിന്ന് വിസിറ്റിങ് പ്രഫസർ ആയി വന്ന രാജ വാര്യർ ഓറിയന്റേഷന്‍ ക്ലാസിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറി. ഈ വിവരം കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്കൂൾ ഓഫ് ഡ്രാമയിലെ ഡീൻ സുനില്‍കുമാറെത്തി.
സൗഹൃദപൂർവ്വം പെരുമാറിയ ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ ഇയാൾ പീഡനത്തിനിരയാക്കാനും ശ്രമിച്ചു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.













