കോവിഡ് കാലത്ത് മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റടക്കമുള്ളവ വാങ്ങിയതിൽ അഴിമതിയാരോപിച്ചുള്ള ഹർജി ലോകായുക്ത തള്ളി.
മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, ആരോഗ്യമന്ത്രി വീണാ ജോർജ്, എന്നിവരടക്കം 13 പേരെ പ്രതികളാക്കി യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ നൽകിയ ഹർജിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്.
കോവിഡ്‌കാലത്ത് മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റടക്കമുള്ളവ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും അന്ന് മന്ത്രിയായിരുന്ന കെ കെ ശൈലജ, നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജ്, മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
നേരത്തേ കേസ് പരിഗണിച്ചപ്പോൾ അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ലെന്നും ഇരുവർക്കുമെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ലോകായുക്ത നിരീക്ഷിച്ചിരുന്നു.
തുടർന്ന് ഹർജി പുതുക്കി നൽകാൻ അനുവദിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.
വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ പുതിയ ഹർജി ഫയൽ ചെയ്യുമെന്നും നിലവിലുള്ളത് പിൻവലിക്കുകയാണെന്നും ഹർജിക്കാരി അറിയിച്ചു. എന്നാൽ, ജനപ്രതിനിധികളായ രണ്ടുപേരെയും കേസിൽനിന്ന് ഒഴിവാക്കിയതാണെന്നും അവരെ തിരികെ കൊണ്ടുവരാനാണോ ശ്രമമെന്നും ചോദിച്ച് ലോകായുക്ത ഹർജി തള്ളുകയായിരുന്നു.













