മലയാള സിനിമയുടെ എക്കാലെത്തെയും പ്രിയ നടി കെപിഎസി ലളിതയുടെ ഭൗതിക ശരീരം സംസ്കരിച്ചു. ഭർത്താവ് ഭരതന്റെ നാടായ വടക്കാഞ്ചേരിയിലെ എങ്കക്കാട് ദേശത്തെ ‘ഓര്‍മ്മ’ എന്ന വീടിന്റെ വളപ്പിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നത്.
പൊതുദർശനത്തിന് വെച്ചപ്പോഴും വിലാപയാത്ര കടന്നു പോകുന്ന ഒരോ വഴിയിലും പതിനായിരങ്ങളാണ് നിറകണ്ണുകളോടെ ലളിതയ്ക്ക് യാത്രയയപ്പ് നൽകിയത്.
ഇന്നലെ 10.45 ഓടെ അന്തരിച്ച നടിയുടെ മൃതദേഹം എട്ടു മണിയോടെയാണ് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വെച്ചത്.
സാധാരണക്കാർ മുതൽ പ്രമുഖർ വരെ പതിനായിരങ്ങളാണ് പ്രിയ നടിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവർ ഇന്നലെത്തന്നെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
പൃഥ്വിരാജ് സുകുമാരനും അമ്മ മല്ലിക സുകുമാരനും,ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം എത്തി തങ്ങളുടെ പ്രിയ ‘ലളിതാമ്മയെ’ യാത്രയാക്കി.
ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും ഓഡിറ്റോറിയത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.പതിനൊന്നു മണിയോടെ മന്ത്രി സജി ചെറിയാന്‍ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
തൃപ്പൂണിത്തുറയിലെ പൊതു ദർശനത്തിന് ശേഷം പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ വിലാപ യാത്രയായാണ് തൃശൂരിലേക്ക് മൃതദേഹം കൊണ്ട് പോയത്. വിലാപ യാത്ര കടന്നു പോകുന്ന വഴിയിലും നിരവധി പേരാണ് എത്തിയത്. സംഗീത നാടക അക്കാദമിയില്‍ അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കൊണ്ട് വന്നത്.ഇവിടെ നടന്ന മതപരമായ ആചാരങ്ങൾക്ക് ശേഷമാണ് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചത്.













