• Home
  • kerala
  • മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു ; പിന്നിൽ കുന്നത്ത്നാട് എംഎൽഎ യും സിപിഎമ്മും എന്ന് ട്വന്റി ട്വന്റി

മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു ; പിന്നിൽ കുന്നത്ത്നാട് എംഎൽഎ യും സിപിഎമ്മും എന്ന് ട്വന്റി ട്വന്റി

കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്‍റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനി നിവാസിയായ ദീപു (37) ആണ് മരിച്ചത്. മർദ്ദനമേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്‍റി 20 വാർഡ് ഏരിയ സെക്രട്ടറിയാണ് ഇദ്ദേഹം.

കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മർദ്ദനമേൽക്കുന്ന തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ആരോഗ്യനില വഷളായപ്പോൾ ദീപുവിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ദീപുവിന്റെ മരണത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. മരണത്തിന് പിന്നിൽ സിപിഎമ്മും എംഎൽഎ പി.വി ശ്രീനിജനുമാണെന്ന് ആരോപിച്ച് വാർഡ് മെമ്പർ അടക്കം രംഗത്ത് വന്നിട്ടുണ്ട്. ആക്രമണ സമയത്ത് എംഎൽഎ ശ്രീനിജനും അവിടെ എത്തിയിരുന്നു എന്നാണ് വാർഡ് മെമ്പറുടെ ആരോപണം.

ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിൽ വഴിവിളക്ക്‌ മികച്ചതാക്കാൻ നടത്തിയ പദ്ധതികൾ കുന്നത്തുനാട് എംഎൽഎ ശ്രീനിജൻ തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ട്വന്റി ട്വന്റി വിളക്കണക്കൽ സമരം നടത്തിയിരുന്നു.
ശനിയാഴ്ച നടത്തിയ വിളക്കണക്കൽ സമരത്തിടെയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. തലയ്ക്കും ദേഹത്തും മർദ്ദനമേറ്റ ദീപു പിറ്റേ ദിവസം ചോര ഛർദിച്ചതിനെ തുടർന്നാണ് ചികിത്സ തേടിയത്.സംഭവത്തിൽ 4 സിപിഎം പ്രവർത്തകരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കതില്‍ ബന്ധമില്ലെന്നും ശ്രീനിജന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *