പെന്‍ഷന്‍ ചുളുവില്‍ കിട്ടാനായി മന്ത്രിമാരുടെയും മറ്റും പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ടിക്കാരെ നിയമിക്കുന്ന രീതി നാണം കെട്ടതാണെന്ന് രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫായി ആര്‍.എസ്.എസ്. കാരനും ജന്‍മഭൂമി പത്രത്തിന്റെ മുന്‍ എഡിറ്ററുമായ ഹരി എസ്.കര്‍ത്തായെ നിയമിച്ച നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതിന് പ്രതികരണമായിട്ടാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ കാലാകാലമായി തുടരുന്ന പേഴ്‌സണല്‍ സ്റ്റാഫ് നിയമന രീതിയെ കഠിനമായി വിമര്‍ശിച്ച് പ്രതികരിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
“രണ്ട് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ നല്‍കുന്ന ഇത്തരം പേഴ്‌സണല്‍ സ്റ്റോഫ് നിയമനം നാണംകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല. സംസ്ഥാനത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്‌സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല –ഗവർണർ ആഞ്ഞടിച്ചു.
രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചാല്‍ പെന്‍ഷന്‍ കിട്ടുന്ന രീതിയില്‍ പേഴ്‌സണല്‍ സ്‌റ്റാഫുകളെ നിയമിക്കുന്ന രീതിയെക്കുറിച്ച് ഏറെക്കാലമായി വിമര്‍ശനം ഉയരുന്നുണ്ട്. എങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ടികളും സ്വന്തം അണികളെ തൃപ്‌തിപ്പെടുത്താന്‍ ഈ നയം തുടരുന്നു.
പ്രസക്തമായ ചോദ്യം ഗവര്‍ണര്‍ക്ക് ഈ സംവിധാനത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടോ എന്നതാണ്. കാരണം അദ്ദേഹവും പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചിരിക്കുന്നത് രാഷ്ട്രീയ നിയമനം എന്ന നിലയിലാണ്. ഗവര്‍ണര്‍ക്ക് ഇത്തരം രാഷ്ട്രീയ നിയമനങ്ങള്‍ തീരെ അനുചിതവുമാണ്. തികഞ്ഞ ആര്‍.എസ്.എസ്. സഞ്ചാരിയെ രാഷ്ട്രീയ പരിഗണന മാത്രം നല്‍കി നിയമിച്ചതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമാനമായ നിയമനങ്ങളെ വിമര്‍ശിക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അവകാശമാണുള്ളത് എന്ന കാര്യം ഉയരുന്നുണ്ട്.














