• Home
  • kerala
  • ഹിജാബ് വിഷയത്തിൽ നിലപാട് മാറ്റമില്ല .. കർണാടകയിൽ കോളേജുകൾ നാളെ തുറക്കുന്നു ;ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഇന്നലെയും പരീക്ഷയെഴുതാൻ അനുവദിക്കാതെ പുറത്താക്കി

ഹിജാബ് വിഷയത്തിൽ നിലപാട് മാറ്റമില്ല .. കർണാടകയിൽ കോളേജുകൾ നാളെ തുറക്കുന്നു ;ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഇന്നലെയും പരീക്ഷയെഴുതാൻ അനുവദിക്കാതെ പുറത്താക്കി

കർണാടകയിൽ ഹിജാബ് വിഷയത്തിൽ നിലപാട് മാറ്റാതെ സർക്കാർ. ഹിജാബ് നിരോധനം തുടർന്നുകൊണ്ട് തന്നെ നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കാനാണ് സർക്കാർ തീരുമാനം. ഹയർസെക്കണ്ടറി ക്ലാസ്സുകളും ഡിഗ്രി കോളേജുകളും ഡിപ്ലോമ കോളേജുകളുമാണ് നാളെ മുതൽ പുനരാരംഭിക്കുന്നത്.

ഹിജാബ് വിഷയത്തെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് കർണാടകയിൽ ഫെബ്രുവരി 8 ന്, 3 ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പിന്നീട് ഇത് 16 വരെ നീട്ടുകയായിരുന്നു. ഹിജാബ് നിരോധനം തുടർന്നുകൊണ്ട് തന്നെ കോളേജുകൾ തുറക്കുന്നത്, സർക്കാർ സമവായത്തിനില്ലായെന്ന സൂചനയാണ് നൽകുന്നത്.

അതേ സമയം,കർണാടകയിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകൾക്ക് ഇന്നലെ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു.കുടകിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ അധികൃതർ മടക്കി അയച്ചു. ഹിജാബ് ധരിച്ചെത്തിയ 30 വിദ്യാർത്ഥിനികളെയാണ് പത്താംക്ലാസ് മോഡൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ തിരിച്ചയച്ചത്.

ശിവമൊഗ്ഗയില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു.

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഗേറ്റിൽവെച്ചു തന്നെ ഹിജാബ് അഴിപ്പിച്ച് അകത്തു പ്രവേശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു.

ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിവിധി വരുംവരെ മതപരമായ വേഷങ്ങൾ ധരിക്കുന്നതിന് വിലക്കുണ്ട്. കോളേജുകൾ തുറക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *