നടി ആക്രമിച്ച കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രൊസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെടുന്നതെന്ന് വാദിച്ചുകൊണ്ടും തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി രംഗത്ത് വന്നിരിക്കയാണ് ആക്രമിക്കപ്പെട്ട നടി. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ ഇന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കോടതി കേസ് തിങ്കളാഴ്‌ച പരിഗണിക്കാനായി മാറ്റിവെച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്ന വാദവുമായാണ് ദിലീപ് ഹൈക്കോടതിയിൽ തുടരന്വേഷണത്തെ എതിർത്തു ഹർജി നൽകിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അനുകൂല നിലപാടുണ്ടാകില്ലെന്ന ഭീതിയിലാണ് അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നത്. അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ ഗൂഢാലോചനക്കേസിലെ പരാതിക്കാരാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയിൽ അറിയിച്ചിട്ടുണ്ട്.













