ഹരിത വിഷയത്തില്‍ ലീഗിന് വന്‍ തിരിച്ചടി. വിഷയത്തില്‍ ഹരിതാ നേതാക്കളെ പിന്തുണച്ചതിന് പുറത്താക്കിയ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. വയനാട് മുന്‍സിഫ് കോടതിയാണ് ഉത്തരവിട്ടത്.
ഹരിതയിലെ പെണ്‍കുട്ടികള്‍ക്കെതിരേ ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാട്ടിയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ ഹരിത പരാതി നല്‍കിയത്. എന്നാല്‍ മുസ്ലീംലീഗ് ആരോപണ വിധേയര്‍ക്കെതിരേ നടപടിയെടുക്കാതെ ഹരിത കമ്മിറ്റിയെ മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയുമായിരുന്നു. ആരോപണത്തിന്മേല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പി പി ഷൈജല്‍ അടക്കമുളളവരെ പുറത്താക്കുകയും ചെയ്തു.
പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ഹരിത വിഷയത്തില്‍ ലീഗ് പ്രവര്‍ത്തിച്ചതെന്ന് ഷൈജല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരാള്‍ക്കെതിരേ നടപടിയെടുക്കുന്നത് പകരം നീതിക്ക് വേണ്ടി ശബ്ദിച്ച മുപ്പത് പേരെ പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തത്.
എം.എസ്.എഫിന് അകത്ത് കുറേക്കാലമായി നടന്ന് കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെ പാര്‍ട്ടിയോട് ആലോചിക്കാതെ നിയമിച്ചവര്‍ തന്നെയാണ് അയാളെ സംരക്ഷിച്ചത്. നീതി പുലര്‍ന്നിട്ടില്ല എന്ന് തോന്നിയതിനാലാണ് കോടതിയെ സമീപിച്ചത്. തങ്ങളെപ്പോലുള്ള പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന വിധിയാണ് കോടതിയില്‍ നിന്നുമുണ്ടായതെന്നും ഷൈജല്‍ പറഞ്ഞു.













