വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത് .
1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണു സംഘടനാ പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്‍റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്.
1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്‌ലാം എൽപി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം . തുടർന്ന് കച്ചവടത്തിലേക്കു കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായി.













