പിഴവു പറ്റിയാല്‍ യു.പി. കാശ്‌മീരോ കേരളമോ പോലെയായി മാറുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് രാവിലെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയില്‍ പറഞ്ഞതിനു ഉരുളക്കുപ്പേരി മറുപടി നല്‍കി പിണറായി വിജയന്റെ ഓഫീസ്. യു.പി.യിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്ന സാഹചര്യത്തിലായിരുന്നു യോഗിയുടെ ട്വീറ്റ്. പിണറായി ഇറക്കിയ ബദല്‍ ട്വീറ്റ് ഇംഗ്ലിഷില്‍ മാത്രമല്ല, യോഗിയുടെ സംസ്ഥാനക്കാര്‍ വായിക്കാന്‍ ഹിന്ദിയിലും നല്‍കിയത് കൗതുകമായി.

യോഗി പറയുമ്പോലെ യു.പി. കേരളമായി മാറിയാല്‍ അവിടെയുള്ളവർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു.

പിണറായി ഇംഗ്ലീഷിലും ഹിന്ദിയിലും എങ്കില്‍ തങ്ങളും മോശമല്ല എന്ന് തെളിയിച്ചു കൊണ്ട് ബി.ജെ.പി.യും മുന്നോട്ടു വന്നു. പക്ഷേ ദുര്‍ബല വാദങ്ങള്‍ കൊണ്ട് പരിഹാസ്യരായിത്തീരുകയാണ് അവര്‍ ചെയ്‌തത്. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ് സ്ഥിരം പല്ലവി ആവര്‍ത്തിച്ചു. അതില്‍ ഇങ്ങനെ പറഞ്ഞത് ഇങ്ങനെ–ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വർഗീയ ലഹള നടന്നിട്ടില്ല. ഒരാൾ പോലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവൻ ജയിലിലടച്ചു. പിന്നെ ടിപിആർ ഒരിക്കൽപോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയിൽ ചികിത്സക്കു പോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.

ബി.ജെ.പി. വക്താവ് സന്ദീപ് വാരിയര്‍ പിണറായിക്ക് മറുപടിയും യോഗിക്ക് പിന്തുണയുമായി ഹിന്ദിയിലും ഇംഗ്ലീഷിലും പ്രതികരിച്ച് രംഗത്തു വന്നു. കേരളം ആരോഗ്യ രംഗത്ത് മുന്നിലാണെങ്കിലും മുഖ്യമന്ത്രിയുടെ ചികിൽസ അമേരിക്കയിലാണ്. കേരളം വിഭ്യാഭ്യാസത്തിൽ മുന്നിലാണെങ്കിലും മുഖ്യമന്ത്രിയുടെ മകൻ പഠിക്കുന്നത് ലണ്ടനിലാണ്. കേരളം വ്യവസായത്തിൽ മുന്നിലാണെങ്കിലും മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബെംഗളൂരുവിലാണ്- ഇങ്ങനെ പോയി സന്ദീപ് വാരിയറുടെ ഹിന്ദിയിലുള്ള മറുപടി.













