മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ ഹര്‍ജി വാദം പൂർത്തിയാക്കി വിധി പറയാന്‍ മാറ്റി. സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇടക്കാല ഉത്തരവോ അന്തിമ വിധിയോ വേണോയെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ക്കാരോട് ചോദിച്ചു.അന്തിമ വിധിയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സിംഗിള്‍ ജഡ്ജിയുടെ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
മീഡിയാ വണ്ണിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്. ലൈസൻസിന് ആദ്യമായി അപേക്ഷിക്കുമ്പോഴാണ് സുരക്ഷ ക്ലിയറൻസ് നിയമപരമായി അനിവാര്യമായിട്ടുള്ളത്. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് ദവെ ഹൈക്കോടതിയിൽ വാദിച്ചു.
ചാനലിന്റെ ഏതെങ്കിലും പരിപാടിയിൽ രാജ്യസുരക്ഷ, പൊതുസമാധാനം, സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളുണ്ടായാൽ പരിപാടി നിർത്തിവെപ്പിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനുണ്ട്.
ഇതിന് പകരം ചാനലിന്റെ തന്നെ അനുമതി റദ്ദാക്കുന്നത് നിയമപരമല്ല. 350ഓളം ജീവനക്കാരുടെ ജീവനമാർഗം ഇല്ലാതാക്കുന്ന ഉത്തരവിപ്പോൾ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
മുദ്രവച്ച കവറില്‍ ചില രേഖകള്‍ ഹാജരാക്കാനും വിഷയത്തില്‍ കൗണ്ടര്‍ ഫയല്‍ ചെയ്യാനും അഡിഷണൽ സോളിസിറ്റർ ജനറൽ അമന്‍ ലേഖി സമയം ആവശ്യപ്പെട്ടു.. ദുഷ്യന്ത് ദവെ ഇതിനെ എതിര്‍ത്തു. വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ കോടതി അനുവദിച്ചു. വാദത്തിനു ശേഷമാണ് വിധി പറയാന്‍ കേസ് മാറ്റിയത്. അതുവരെ വിലക്ക് തുടരും.













