സംസ്ഥാനസര്‍ക്കാര്‍ നൂറുദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താ സമ്മേളനത്തിലാണ് വിശദാംശങ്ങള്‍ അറിയിച്ചത്. നാളെ അതായത് ഫിബ്രവരി പത്ത് മുതല്‍ മെയ് 20 വരെയുള്ള നൂറ് ദിവസങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത് നൂറുദിന കർമ്മ പദ്ധതിയാണിത്. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 1557 പദ്ധതികളാണ് നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ടുവരും. ഉന്നത നിലവാരത്തിൽ ഉള്ള 53 സ്കൂളുകൾ നാടിനു സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ വഴി 20,000 വീടുകൾ നിർമിച്ചു നൽകും. സംസ്ഥാനത്ത് വാതിൽപ്പടി സംവിധാനം കൊണ്ട് വരുമെന്നും എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
15,000 പേർക്ക് പട്ടയം നൽകും. ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10,000 ഹെക്റ്ററിൽ ജൈവ കൃഷി തുടങ്ങും. 23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും.
കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമാണം തുടങ്ങും. കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും. ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. 1500 റോഡുകളുടെ ഉദ്ഘാടനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. മത്സ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നൽകും. കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞത് വിശദമായി….
സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കം ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകള്‍ നാടിന് സമര്‍പ്പിച്ചു കൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നിരവധി സ്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി തുടരും.
ഈ നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്ക് വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന് നല്‍കും. ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കുകയും
ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെഫോണ്‍ പദ്ധതി അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണ്.
ലൈഫ് മിഷന് വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനം ആരംഭിക്കും.
അതിദാരിദ്ര്യ സര്‍വ്വേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും.
എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും. എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.
ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും.
ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന
ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങും.
ജനങ്ങള്‍ക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നല്കുന്ന പദ്ധതി ആരംഭിക്കും.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.
10,000 ഹെക്ടറില്‍ ജൈവ കൃഷി തുടങ്ങും.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരള പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന പോലീസ്
റിസര്‍ച്ച് സെന്റര്‍, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന് എന്നിവയുടെ ഉദ്ഘാടനം നടത്തും. പുതിയ 23 പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും.
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കും.
കുട്ടനാട് പാക്കേജ് ഫേസ് 1 ന്റെ ഭാഗമായി പഴുക്കാനില കായല്‍ ആഴം കൂട്ടലും വേമ്പനാട് കായലില്‍ ബണ്ട് നിര്‍മ്മാണവും തുടങ്ങും.
കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി,
എറണാകുളത്തെ ആമ്പല്ലൂര്‍, തിരുവനന്തപുരത്തെ
കാട്ടാക്കട, നഗരൂര്‍, കൊല്ലത്തെ കരീപ്ര എന്നീ കുഴല്‍കിണര്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്
കീഴില്‍ 2,500 പഠനമുറികള്‍ ഒരുക്കും.
പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് വഴി
പ്രവാസികള്‍ക്കുള്ള റിട്ടേണ്‍ വായ്പ പദ്ധതി നടപ്പാക്കും.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തും.
ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാര്‍ത്ഥികള്‍ക്ക്
നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.
18 വയസ്സ് പൂര്‍ത്തിയായ ഭിന്നശേഷിക്കാര്‍ക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവര്‍മെന്റ് ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇടുക്കിയില്‍ എന്‍ സി സി യുടെ സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്ന്
ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണമാരംഭിക്കും.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം
നടത്തും.
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും.
75 പാക്സ് കാറ്റാമറൈന് ബോട്ടുകളുടെ ഉദ്ഘാടനം
നിര്‍വ്വഹിക്കും.
മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും പുനര്‍ഗേഹം പദ്ധതി വഴി നിര്‍മ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനാവും നടത്തും.













