അനധികൃത മണൽ ഖനന കേസിൽ പത്തനംതിട്ടയിലെ മലങ്കര കത്തോലിക്കാ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് തമിഴ്നാട്ടിൽ അറസ്റ്റിലായി. തിരുനെൽവേലിയിലെ അംബാസമുദ്രത്ത് താമരഭരണി നദിയിൽ അനധികൃതമായി മണൽ ഖനനം നടത്തിയ കേസിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. വികാരിയായ ജനറൽ ഷാജി തോമസ് മണിക്കുളവും നാല് പുരോഹിതൻമാരും കേസിൽ റിമാൻഡിലാണ്.
തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. താമരഭരണി പുഴയുടെ സമീപത്തായുള്ള ഈ സ്ഥലത്ത് അനധികൃതമായി മണൽ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിർദേശപ്രകാരം സി ബി സി ഐ ഡി ബിഷപ്പിനെയും മറ്റ് വൈദികരെയും അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നതായി സഭ വ്യക്തമാക്കി. മാനുവൽ ജോർജ് കരാർ ലംഘിച്ചുവെന്നും മണൽ ഖനനം നടത്തിയത് കരാറുകാരനാണെന്നും സഭ ആരോപിക്കുന്നു. മാനുവൽ ജോർജിനെ കേസിൽ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബിഷപ്പ് അടക്കമുള്ളവരെ ജാമ്യത്തിലിറക്കാനുള്ള നടപടികൾ സഭ ആരംഭിച്ചു.













