നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ ഉടൻതന്നെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം.
മുൻകൂർ ജാമ്യത്തിന് കോടതി നടപടി ക്രമം വഴി ഇത്രയേറെ സാവകാശം നൽകിയത് പ്രതിക്ക് ഗുണമായെന്ന് കേസിൽ നിർണായക മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു . കരുത്തനായ പ്രതി പുറത്ത് നിൽക്കുന്നത് പ്രോസിക്യൂഷന് വലിയ ഭീഷണി തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.













