Categories
latest news

ആലപ്പുഴയില്‍ വര്‍ഗീയതയുടെ നിറമുള്ള ചോരപ്പക പുകയുന്നു…രണ്ടു ദിവസത്തിനകം രണ്ട്‌ സംസ്ഥാന ഭാരവാഹികളുടെ അരുംകൊലകള്‍

ആലപ്പുഴയില്‍ സംസ്ഥാന ഭരണകൂടം ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലേക്കാണ്‌ പോകുന്നത്‌–48 മണിക്കൂറിനകം നടന്ന രണ്ട്‌ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുടെ അരുംകൊലകള്‍ വിരല്‍ ചൂണ്ടുന്നത്‌ രാഷ്ട്രീയത്തിന്റെ മറവില്‍ തിളച്ചുവരുന്ന വര്‍ഗീയപ്പകയുടെ നേരെയാണ്‌.

കെ.എസ്‌.ഷാന്‍

വെള്ളിയാഴ്‌ച രാത്രി എസ്‌.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്‌.ഷാന്‍ കൊല്ലപ്പെട്ടത്‌ ആലപ്പുഴ മണ്ണഞ്ചേരിക്കടുത്ത്‌ കുപ്പേഴം കവലയിലായിരുന്നു. സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാനെ കാറുപയോഗിച്ച്‌ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടി. ആലപ്പുഴയില്‍ ലോക്‌ സഭാ, നിയമസഭാ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആളായിരുന്നു ഷാന്‍. ഈ കൊലപാതകത്തില്‍ ആര്‍.എസ്‌.എസിന്‌ പങ്കുണ്ടെന്ന ആരോപണം ഉയര്‍ത്തിയത്‌ എസ്‌ഡിപിഐ സംസ്ഥാന നേതൃത്വം തന്നെയാണ്‌.

thepoliticaleditor

ഷാനെ വധിച്ചതിനു പിറകില്‍ ആര്‍എസ്‌എസ്‌ ആണെന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡണ്ട്‌ സി.പി.മുഹമ്മദ്‌ ബഷീര്‍ പരസ്യപ്രസ്‌താവനയും സമൂഹമാധ്യമ പോസ്‌റ്ററുമായി രംഗത്തു വന്നതിനു പിന്നാലെയാണ്‌ അടുത്ത കൊലപാതകം നടന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

ഷാന്‍ കൊല്ലപ്പെട്ട്‌ 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും ആലപ്പുഴ നഗരത്തില്‍ തന്നെ ഇന്നലെ മറ്റൊരു കൊല നടന്നു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സ്ഥാനാല്‍ഥിയായിരുന്ന, ഇപ്പോള്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ അഡ്വ. രഞ്‌ജിത്‌ ശ്രീനിവാസനാണ്‌ കൊലചെയ്യപ്പെട്ടത്‌.

അഡ്വ. രഞ്‌ജിത്‌ ശ്രീനിവാസൻ

ആലപ്പുഴ നഗരത്തില്‍ തന്നെയുള്ള വീട്ടിലെത്തിയാണ്‌ അക്രമികള്‍ രഞ്‌ജിതിനെ കൊന്നത്‌. എസ്‌.ഡി.പി.ഐ.ആണ്‌ കൊല നടത്തിയതെന്ന്‌ ബി.ജെ.പി. ആരോപിച്ചു കഴിഞ്ഞു.
പുറമേ രാഷ്ട്രീയമാണ്‌ പറയുന്നതെങ്കിലും വര്‍ഗീയതയുടെ തിരനോട്ടമാണ്‌ രണ്ട്‌ സംസ്ഥാന നേതാക്കള്‍ രണ്ടു ദിവസത്തിനകം ആലപ്പുഴയില്‍ അരുംകൊലയ്‌ക്ക്‌ ഇരയായതിനു പിന്നിലെന്ന്‌ ഏറെക്കുറെ വ്യക്തമാണ്‌. കൊലപാതകങ്ങളെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും പകയുടെ കനല്‍ കെടാതെ വര്‍ഗീയതയുടെ അഴഞ്ഞാട്ടം വരും നാളുകളില്‍ ആലപ്പുഴയെ അശാന്തമാക്കാനുള്ള സാധ്യത ഏറെയാണ്‌. ആഭ്യന്തര വകുപ്പിന്റെ ശക്തമായ ഇടപെടല്‍ അത്യാവശ്യമായ സാഹചര്യമാണ്‌ ഇപ്പോള്‍ ആലപ്പുഴയില്‍.

ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു – മുഖ്യമന്ത്രി

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Spread the love
English Summary: twin murders within 48 hours in alappuzha communal elements suspected

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick