ഇന്ത്യ കണ്ട ഏറ്റവും വലിയ സമീപകാല ദുരന്തമായി വിശേഷിപ്പിക്കാവുന്ന കുവൈറ്റിലെ ലേബര്‍ ഫ്‌ലാറ്റ് തീപ്പിടിത്തത്തില്‍ മരണ സംഖ്യയില്‍ പാതിയോളം മലയാളികള്‍. 49 പേര്‍ മരിച്ചതില്‍ 45 പേരും ഇന്ത്യക്കാരാണ്. അവരില്‍ 25 പേരും മലയാളികള്‍.
കേരളം സമീപകാലത്ത് അഭിമുഖീകരിച്ച ഏറ്റവും കരളലിയിക്കുന്ന ദുരന്തമാണ് പ്രവാസികളുടെ സ്വപ്‌ന ഭൂമിയായ കുവൈറ്റില്‍ സംഭവിച്ചത്. 24 മലയാളികളാണ് ഫ്‌ലാറ്റുകളില്‍ ശ്വാസം മുട്ടിയും പൊള്ളലേറ്റും മരിച്ചുവീണത്. 22 മലയാളികളെ തിരിച്ചറിഞ്ഞു.

എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി വ്യക്തമാക്കി. 9 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോട് സ്വദേശികളാണ് മരിച്ചത്. ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർഗീസ്, തോമസ് സി ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, മലപ്പുറം തിരൂർ സ്വദേശി നൂഹ്, ശ്രീഹരി പ്രദീപ്, കേളു പൊന്മലേരി, കാസർകോട് ചെർക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈറ്റ് പോലീസ് സംഭവത്തില്‍ ഒരു കുവൈററി പൗരനെയും ഏതാനും സ്ഥിരതാമസ പെര്‍മിറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുവൈറ്റ് അമീര്‍ കുവൈത്ത് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അടിയന്തിര അന്വേഷണത്തിന് ഉത്തരവ് നല്‍കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്‌ദുള്ള അലി അൽ യഹ്യയുമായി കൂടിക്കാഴ്‌ച നടത്തി. തീപിടിത്തത്തിന് ഇരയായവർക്കുള്ള വൈദ്യസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉൾപ്പെടെ പൂർണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.