Categories
kerala

ഇതിലേ ഏകനായ്….പ്രണയ ഗീതങ്ങളില്‍ പൂത്തുലഞ്ഞ ഗാനകവി

അന്തരിച്ച പ്രശസ്ത സിനിമാഗാന രചയിതാവ് പൂവച്ചല്‍ ഖാദറിനെ ഓര്‍ത്ത് പ്രശസ്ത പാട്ടെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍ മാതൃഭൂമി ഓണ്‍ലൈന്‍-ല്‍ എഴുതിയ അനുസ്മരണക്കുറിപ്പ്:

വേണ്ടിവന്നാല്‍ എവിടെയിരുന്നും പാട്ടെഴുതും പൂവച്ചല്‍ ഖാദര്‍. റെയില്‍വേസ്റ്റേഷനിലെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിന് നടുവിലിരുന്നുവരെ. ”ഈണം മനസ്സില്‍ പതിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഏകാന്തതയിലേക്ക് ഉള്‍വലിയുന്നതാണ് എന്റെ രീതി. ചുറ്റുമുള്ള ബഹളമെല്ലാം അതോടെ ശമിക്കും. ഞാനും എന്റെ ഭാവനയും മാത്രമുള്ള ഒരു ലോകമേയുള്ളൂ പിന്നെ. അവിടെയിരുന്ന് പാട്ടെഴുതാന്‍ എളുപ്പമാണ്” – പൂവച്ചലിന്റെ വാക്കുകള്‍.

thepoliticaleditor

മിന്നല്‍വേഗത്തില്‍ പാട്ടെഴുതാന്‍, വേണമെങ്കില്‍ മാറ്റിയെഴുതാനും ഉള്ള കഴിവാണ് പൂവച്ചലിനെ 1970-’80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റിയത്. ‘കായലും കയറും’ എന്ന ചിത്രത്തിലെ പാട്ടെഴുത്തിന്റെ കഥ അദ്ദേഹം വിവരിച്ചുകേട്ടിട്ടുണ്ട്. ”സംവിധായകന്‍ പറഞ്ഞുതന്ന സന്ദര്‍ഭത്തിന് അനുയോജ്യമായ വരികള്‍ തന്നെയാണ് ഞാന്‍ എഴുതിയത്. ‘രാവിന്‍ കണ്മഷി വീണുകലങ്ങിയ…’ എന്ന് തുടങ്ങുന്ന കാവ്യാത്മകമായ ഗാനം. പാട്ട് കൊള്ളാം, പക്ഷേ, കുറച്ചുകൂടി ജനകീയമാകണം ഈണവും വരികളും എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞൊടിയിടയില്‍ സംഗീത സംവിധായകന്‍ കെ.വി. മഹാദേവന്‍ ട്യൂണ്‍ മാറ്റി. അതൊരു വെല്ലുവിളിയായിരുന്നു എനിക്ക്. അതേയിരിപ്പില്‍ പത്തു പതിനഞ്ചു നിമിഷങ്ങള്‍ക്കകം പുതിയ വരികള്‍ എഴുതിക്കൊടുത്തു ഞാന്‍. ഈണത്തിന്റെ സ്‌കെയിലില്‍ പൂര്‍ണമായും ഒതുങ്ങിനില്‍ക്കുന്ന പാട്ട്.”

രവി മേനോന്‍

വാശിയോടെ അന്ന് പൂവച്ചല്‍ എഴുതിക്കൊടുത്ത പാട്ട് ഇന്ന് ചരിത്രത്തിന്റെ ഭാഗം ‘ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍, മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു…’ യേശുദാസിന്റെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളില്‍ ഒന്ന്. രചനാജീവിതത്തില്‍ തനിക്ക് വഴിത്തിരിവായത് ആ പാട്ടാണെന്ന് വിശ്വസിച്ചു പൂവച്ചല്‍. കായലും കയറും(1979) എന്ന ചിത്രത്തിലെ മറ്റു പാട്ടുകളും ജനപ്രീതിയില്‍ ഒട്ടും പിന്നിലായിരുന്നില്ല: ‘ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണേ ചിറയന്‍കീഴിലെ പെണ്ണേ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണേ…’ (യേശുദാസ്), ‘കടക്കണ്ണിലൊരു കടല്‍ കണ്ടു…’ (വാണി ജയറാം), ‘രാമായണത്തിലെ ദുഃഖം…’ (എന്‍.വി.ഹരിദാസ്). പ്രശസ്ത ചിത്രകാരന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മയുണ്ട്: ”എന്റെ നാട്ടിലുള്ള സകല പെണ്ണുങ്ങളെയും ഞാന്‍ വരച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണിനെ കണ്ടിട്ടില്ല. താന്‍ എന്നെയും കടത്തിവെട്ടിക്കളഞ്ഞല്ലോ എന്ന്.”

പൂവച്ചല്‍ ആദ്യമായി ഒരു മുഴുനീള ഗാനമെഴുതിയത് റവ. സുവിശേഷമുത്തു സംവിധാനംചെയ്ത ‘കാറ്റു വിതച്ചവന്‍'(1973) എന്ന ചിത്രത്തിനുവേണ്ടിയാണ്. പീറ്റര്‍ റൂബന്റെ സംഗീതത്തില്‍ മേരി ഷൈല പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തിഗാനമായി ഇന്നും നിലനില്‍ക്കുന്നു. ‘നീയെന്റെ പ്രാര്‍ഥന കേട്ടു, നീയെന്റെ മാനസം കണ്ടു…” അതേ ചിത്രത്തിലാണ് യേശുദാസ് ശബ്ദം നല്‍കിയ ആ മനോഹരപ്രണയഗാനവും. ‘മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു…’ മലയാള സിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ പൂവച്ചല്‍.

‘ഏതോ ജന്മകല്പനയില്‍…’ (പാളങ്ങള്‍), ‘ഇതിലേ ഏകനായ്…’ (ഒറ്റപ്പെട്ടവര്‍), ‘ഋതുമതിയായ് തെളിമാനം…’ (മഴനിലാവ്), ‘അനുരാഗിണീ ഇതായെന്‍…’ (ഒരു കുടക്കീഴില്‍), ‘സിന്ദൂര സന്ധ്യക്ക് മൗനം…’ (ചൂള), ‘രാജീവം വിടരും നിന്‍ മിഴികള്‍…’ (ബെല്‍റ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാണ്‍സിംഹം (സന്ദര്‍ഭം), ‘കരളിലെ കിളി പാടി…’ (അക്കച്ചീടെ കുഞ്ഞുവാവ), ‘മന്ദാരച്ചെപ്പുണ്ടോ…’ (ദശരഥം), ‘പൂമാനമേ…’ (നിറക്കൂട്ട്) ‘ പൊന്‍വീണേ…’ (താളവട്ടം), ‘കിളിയേ കിളിയേ…’ (ആ രാത്രി), ‘കായല്‍ക്കരയില്‍ തനിച്ചുവന്നത്…’ (കയം)…. മലയാളികള്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന പാട്ടുകള്‍. എ.ടി. ഉമ്മറാണ് പൂവച്ചലിന്റെ ഏറ്റവുമധികം രചനകള്‍ക്ക് ഈണംപകര്‍ന്നത്. തൊട്ടുപിന്നില്‍ ശ്യാം, ജോണ്‍സണ്‍, രവീന്ദ്രന്‍.

പ്രണയഗീതങ്ങള്‍

പ്രണയഗീതങ്ങളിലാണ് പൂവച്ചലിലെ ഗാനകവി പൂത്തുലഞ്ഞതെന്ന് തോന്നിയിട്ടുണ്ട്. ഐ.വി. ശശിയുടെ ആദ്യചിത്രമായ ‘ഉത്സവ'(1975) ത്തിലെ ‘ആദ്യസമാഗമലജ്ജയില്‍ ആതിരാതാരകം കണ്ണടയ്ക്കുമ്പോള്‍…’ (യേശുദാസ്) എങ്ങനെ മറക്കും. കാമുകഹൃദയങ്ങളില്‍ പ്രഥമാനുരാഗത്തിന്റെ അനുഭൂതി നിറയ്ക്കുന്ന ഗാനം. അത് ചിട്ടപ്പെടുത്തിയ എ.ടി. ഉമ്മറിനെ ഏറെക്കാലത്തിനുശേഷമാണ് താന്‍ ആദ്യമായി നേരില്‍ കണ്ടതെന്ന് പറഞ്ഞിട്ടുണ്ട് പൂവച്ചല്‍.

പാട്ടുകള്‍ എഴുതിക്കൊടുത്ത് തിടുക്കത്തില്‍ നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു അദ്ദേഹം. ആ ഗാനവുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകമുള്ള ഓര്‍മകൂടി പൂവച്ചല്‍ പങ്കുവെച്ചതോര്‍ക്കുന്നു: ”മുരുക്കുംപുഴയിലെ ഒരു സിനിമാക്കൊട്ടകയിലിരുന്നാണ് ‘ഉത്സവം’ കണ്ടത്. വിവാഹശേഷം ഭാര്യയോടൊപ്പം ആദ്യംകണ്ട പടം. മധുവിധുക്കാലമായതിനാല്‍ ഭര്‍ത്താവെഴുതിയ പാട്ടിന്റെ ചിത്രീകരണം കാണാന്‍ ഭാര്യക്ക് താത്പര്യമുണ്ടാകുമല്ലോ. കാത്തിരുന്നു കാത്തിരുന്ന് ഒടുവില്‍ പാട്ട് വന്നപ്പോള്‍ ഹാളിലെ സൗണ്ട് സിസ്റ്റം പിണങ്ങി. പാട്ടിനുപകരം ആകെയൊരു ചിലമ്പല്‍. അപശബ്ദം കേട്ട് ചിരിയടക്കാന്‍ പാടുപെടുന്ന ഭാര്യയുടെ ചിത്രമാണ് ആ ഗാനത്തിനൊപ്പം ഇന്നും മനസ്സില്‍ വന്നുനിറയുക.

എന്‍ജിനിയറുടെ കുപ്പായം ഉപേക്ഷിച്ചു പാട്ടെഴുത്തുകാരനായ കഥയാണ് പൂവച്ചലിന്റേത്. വലപ്പാട്ട് ശ്രീരാമ പോളിടെക്നിക്കില്‍ നിന്ന് എന്‍ജിനിയറിങ് ഡിപ്ലോമയും തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ നിന്ന് എ.എം.ഐ. ഇ.യും നേടിയ ഖാദറിന്റെ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു. ഓവര്‍സിയറായിട്ടാണ് തുടക്കം. പിന്നെ അസിസ്റ്റന്റ് എന്‍ജിനിയറായി. സുഹൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ കാനേഷ് പൂനൂര്‍ വഴി ഐ.വി. ശശിയെ പരിചയപ്പെട്ടതാണ് പൂവച്ചലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

കാനേഷിന്റെ ശുപാര്‍ശയില്‍ ‘കവിത'(1973) എന്ന ചിത്രത്തില്‍ ഗാനരചയിതാവായി പൂവച്ചലിനെ ശശി പരീക്ഷിച്ചു.

നടി വിജയനിര്‍മലയുടെ ആദ്യ സംവിധാനസംരംഭമായാണ് അറിയപ്പെടുന്നതെങ്കിലും ‘കവിത”യുടെ ചിത്രീകരണച്ചുമതല മുഴുവന്‍ ഏറ്റെടുത്തത് ആര്‍ട്ട് ഡയറക്ടറായ ശശിയാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ ഗാനങ്ങളെഴുതിയ ആ പടത്തില്‍ ചില കവിതാശകലങ്ങള്‍ രചിച്ചുകൊണ്ട് അങ്ങനെ പൂവച്ചല്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു.

Spread the love
English Summary: RAVIMENON REMEMBERS LATE POOVACHAL KHADAR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick