ശ്രീരാമന്റെ അസ്‌ത്രാലയം ആണ് ഓസ്‌ട്രേലിയ ആയതെന്ന വാദവുമായി സമൂഹമാദ്ധ്യമങ്ങളിൽ ‘പൂക്കി ബാബ’ എന്നറിയപ്പെടുന്ന ആൾദൈവം അനിരുദ്ധാചാര്യ. ഓസ്ട്രേലിയയുടെ യാഥാർത്ഥ്യം എന്ന തലക്കെട്ടോടെ അനിരുദ്ധാചാര്യ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
” രാമ-രാവണ യുദ്ധം കഴിഞ്ഞപ്പോൾ വലിയതോതിൽ സൈനികർ കൊല്ലപ്പെട്ടു. അവരുടെയെല്ലാം വാളുകൾ ഉപേക്ഷിക്കപ്പെട്ടു. ലങ്കയിലെ ജനങ്ങൾ കൊല്ലപ്പെട്ടു. രാവണന്റെ എല്ലാ സൈനികരെയും രാമസൈന്യം കൊലപ്പെടുത്തി. യുദ്ധശേഷം ലങ്കയിൽ വലിയ അളവിൽ ആയുധങ്ങളുടെ കൂമ്പാരമുണ്ടായി. ഈ ആയുധങ്ങൾ സാധാരണക്കാരുടെ കൈയിൽ കിട്ടിയാൽ എന്താവും സ്ഥിതി? രാവണന്റെയോ മേഘനാഥന്റെയോ വാളുകൾ അത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് രാമൻ ഭയന്നു.അതിനാൽതന്നെ, ലങ്കയിൽ നിന്ന് കുറച്ചകലെയുള്ള ഒരു ദ്വീപിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ രാമൻ തന്റെ സൈനികർക്ക് നിർദേശം നൽകി. അങ്ങനെ ആയുധങ്ങൾ സൂക്ഷിക്കാൻ സൈനികർ കണ്ടെത്തിയ ദ്വീപാണ് അസ്‌ത്രാലയം . പിന്നീട് ഈ ദ്വീപ് ഓസ്‌ട്രേലിയ എന്നറിയപ്പെടുകയായിരുന്നു’- പൂക്കി ബാബയുടെ കണ്ടുപിടുത്തം ഇങ്ങനെയാണ്. വീഡിയോക്കെതിരെ വ്യാപക പരിഹാസവും ഉയരുന്നുണ്ട്.














