രാഷ്ട്രീയച്ചൂടിൽ മുന്നിലുള്ള കണ്ണൂരിൽ കനത്ത പൊലീസ് സുരക്ഷയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മുന്നണികൾ കലാശക്കൊട്ട് നടത്തിയത്. ഓരോ മുന്നണികൾക്കും വെവ്വേറെ സ്ഥലമാണ് കലാശക്കൊട്ട് നടത്താൻ അനുവദിച്ചത്. പ്രശ്നസാധ്യത ഒഴിവാക്കാനാണ് പല സ്ഥലങ്ങളിലായി കലാശക്കൊട്ട് നടത്തിയത്. തെക്കി ബസാറിൽ നിന്ന് കാൽടെക്സിലേക്കാണ് എൽഡിഎഫ് പ്രകടനം നടത്തിയത്. കോർപറേഷൻ പരിസരത്തു നിന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്കായിരുന്നു യുഡിഎഫ് പ്രകടനം. മുനീശ്വരൻ കോവിലിനു സമീപം എൻഡിഎഎയും പ്രകടനം നടത്തി.

പതിവുപോലെ ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടില്ലാതെ തളിപ്പറമ്പ് ടൗണിൽ പ്രചാരണത്തിന് സമാപനം. ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളും പരിഗണിച്ചാണ് ഏതാനും തിരഞ്ഞെടുപ്പുകളിലായി തളിപ്പറമ്പ് ടൗണിൽ കലാശക്കൊട്ട് ഒഴിവാക്കിയത്. ഇത്തവണയും ഡിവൈഎസ്പി: പി.പ്രമോദിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കളെ വിളിച്ചുചേർത്ത് നഗരത്തിൽ കലാശക്കൊട്ട് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.രാവിലെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മഹിളാ ന്യായ് റാലിക്ക് ശേഷം ടൗണിൽ അപൂർവമായി ചില പ്രചാരണ വാഹനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകളാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. കണ്ണൂർ ജില്ലയിൽ 14, കാസർകോട് ഒന്ന് എന്നിങ്ങനെ 15 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു .
470 ഗ്രാമ പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുൻസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കയാണ് .














