• Home
  • kerala
  • ദിലീപ് : വിശുദ്ധനില്‍ നിന്നും പ്രധാന വില്ലനിലേക്ക്… നടിയെ ആക്രമിച്ച കേസില്‍ നടന്‍ കുരുങ്ങിയതെങ്ങിനെ…ഉദ്വേഗഭരിതമായ കഥ
Image

ദിലീപ് : വിശുദ്ധനില്‍ നിന്നും പ്രധാന വില്ലനിലേക്ക്… നടിയെ ആക്രമിച്ച കേസില്‍ നടന്‍ കുരുങ്ങിയതെങ്ങിനെ…ഉദ്വേഗഭരിതമായ കഥ

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ, എല്ലാവരും കാത്തിരിക്കുന്ന വിധി പ്രസ്താവിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഏതാനും ക്രമിനലുകള്‍ മാത്രം ശിക്ഷിക്കപ്പെടാവുന്ന കേസായി അവസാനിക്കുമായിരുന്ന ഈ കേസ് ഒരു ജനപ്രിയ നടന്റെ വന്‍ ഗൂഢാലോചനയുടെയും പ്രതികാര നിര്‍വ്വഹണത്തിന്റെയും ഫലമാണെന്നു തെളിഞ്ഞതിലെ നാടകീയതയും യാദൃച്ഛികതയും ചര്‍ച്ചയാവുകയാണ്. കേസന്വേഷണത്തിലെ നാടകീയ വഴിത്തിരിവാണ് ദിലീപ് എന്ന നടന്റെ ക്രമിനില്‍ ഗൂഢാലോചന ഈ സംഭവത്തിലുണ്ടെന്നതിന് പ്രത്യക്ഷമായ തെളിവുകള്‍ ലഭിക്കുന്നത്. ഇതിന് നിമിത്തമാകുന്നതാവട്ടെ പിന്നീട് പ്രതിയായ ദിലീപ് തന്നെയായിരുന്നു എന്നതാണ് ഏറ്റവും നാടകീയം. ദിലീപിന്റെ അതി ബുദ്ധിയാണ് കേസില്‍ അയാളുടെ പങ്ക് വെളിപ്പെടുന്ന അവസ്ഥയിലേക്ക് പൊലീസിനെ നയിച്ചത്.
മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് ദിലീപ് പൊലീസില്‍ നല്‍കിയ പരാതിയാണ് അതുവരെ ദുരൂഹതയൊന്നും ഇല്ലാതെ ചില ക്രമിനിലുകളുടെ അക്രമം എന്ന നിലയില്‍ മാത്രം പുരോഗമിച്ചിരുന്ന കേസിന്റെ ഗതി അപ്പാടെ മാറ്റിമറിച്ചത്. ഇതോടെ നായകന്‍ ഏറ്റവും വലിയ വില്ലനായി മാറി.

നടി ആക്രമിക്കപ്പെട്ട രാതി പിന്നിട്ട് രണ്ടു ദിവസം കഴിഞ്ഞ്, അതായത് 2017 ഫെബ്രുവരി 19-ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമത്തില്‍ നടിക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കി പ്രസംഗിച്ച ആളായിരുന്നു ദിലീപ്. ഇനിയൊരു നടിക്കും ഇങ്ങനെയൊരു സ്ഥിതി വരാന്‍ അനുവദിക്കരുതെന്നു വരെ ദിലീപ് അതീവ അഭിനയ ചാതുര്യത്തോടെ വിലപിക്കുകയുണ്ടായി. അതേ ദിലീപ് തന്നെ ആറുമാസം കഴിഞ്ഞപ്പോള്‍ അക്രമത്തിന്റെ പ്രധാന സൂത്രധാരനായി മാറിയ കഥയാണ് പിന്നീട് കാണുന്നത്.
ഇത് വെറും അക്രമമല്ല, പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാരിയര്‍ ആദ്യ ദിനങ്ങളില്‍ തന്നെ പറഞ്ഞിരുന്നെങ്കിലും അഭ്യൂഹങ്ങള്‍ക്കപ്പുറം തെളിവൊന്നും പൊലീസിന് ലഭിച്ചില്ല. ഏപ്രില്‍ 18-ന് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും ദിലീപിന്റെ പേര് ഉണ്ടായിരുന്നില്ല എന്നത് ഓര്‍ക്കണം.

ജയിലില്‍ നിന്ന് പൾസർ സുനി ദിലീപിന് എഴുതിയ കത്ത്, ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്‍റെ ഫോണ്‍ എന്നിവ ദിലീപിന്‌ കിട്ടുന്നു . ഇത് തനിക്ക് കുരുക്കാകുമെന്ന് ഉറപ്പിച്ച ദിലീപ് ഡിജിപിക്ക് മുന്നില്‍ ബ്ലാക്ക് മെയിൽ പരാതിയുമായെത്തി. ആദ്യ കുറ്റ പത്രം നൽകിയ ശേഷമായിരുന്നു ഈ സംഭവം- ഏപ്രിൽ 20 -ന്. ദിലീപ് നല്‍കിയ പരാതി പൊലീസിന് ദിലീപിനെ കേസിലേക്ക് ബന്ധിപ്പിക്കാനുള്ള കച്ചിതുരുമ്പായി. രണ്ട് മാസത്തിന് ശേഷം ജൂണ്‍ 28ന് ദിലീപിനെ പോലീസ് ചോദ്യം ചെയ്തു. പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അന്ന് പറഞ്ഞത് തന്‍റെ പരാതിയില്‍ മൊഴിയെടുത്തതാണെന്നും താൻ ആത്മ വിശ്വാസത്തിലാണെന്നും ആയിരുന്നു.

എന്നാൽ ആത്മവിശ്വാസത്തിന് അധികം ആയുസുണ്ടായില്ല. പൾസർ സുനിയെ ഒരു പരിചയവുമില്ലെന്ന ദിലീപിന്‍റെ വാദങ്ങള്‍ പൊളിഞ്ഞു. പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ തൃശൂരിലെ ലൊക്കേഷനിലെത്തിയതിന്‍റെ ചിത്രം ദിലീപിനെ ചോദ്യം ചെയ്ത് അഞ്ചാം ദിവസം പുറത്തായി. ദിലീപിന്‍റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിലിന്‍റെ വിളിയും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്‍റെ ഫോണില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതും കുരുക്കായി. ഒടുവില്‍ കുറ്റകൃത്യം നടന്ന് ആറാം മാസം ദിലീപ് അറസ്റ്റിലായി.

ബാലചന്ദ്രകുമാര്‍

ഇതിനു ശേഷവും നിര്‍ണായകമായ തെളിവുകളില്ലാതെ ഇരുട്ടില്‍ത്തപ്പുകയായിരുന്നു പൊലീസ്. അപ്പൊഴാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ഏറ്റവും ശക്തമായ തെളിവായി പുറത്തു വരുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് തന്റെ ടാബ്ലറ്റില്‍ കാണുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ട് എന്നതായിരുന്നു മൊഴി. ഇത് ഏറ്റവും ശക്തമായ തെളിവായി മാറി. മൊഴി നല്‍കിയ ബാലചന്ദ്രകുമാര്‍ പിന്നീട് ഗുരുതരമായ കരള്‍രോഗം ബാധിച്ച് കിടപ്പിലായി. എന്നിട്ടും അദ്ദേഹം സ്വന്തം അനാരോഗ്യം കണക്കിലെടുക്കാതെ തന്നെ കോടതിയില്‍ ഉള്‍പ്പെടെ ഹാജരായി മൊഴി നല്‍കി. ദിലീപിനെതിരായ ഏറ്റവും ശക്തവും നിലനില്‍ക്കുന്നതുമായ തെളിവായി മാറിയത് ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശത്തോടെയായിരുന്നു. നടിയെ ആക്രമിച്ചത് ദിലീപിന്റെ താല്‍പര്യപ്രകമാരം അയാള്‍ ഉണ്ടാക്കിയ തിരക്കഥയുടെ ഫലമായിട്ടായിരുന്നു എന്ന് ഇതോടെ അന്വേഷണസംഘം ഉറപ്പിക്കുകയായിരുന്നു.

ദിലീപ് ഈ കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍, അപ്പോള്‍ കേരളീയ മനസ്സാക്ഷി ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് ആരെ എന്ന് ചോദിച്ചാല്‍ അത് ബാലചന്ദ്രകുമാറിനെ ആയിരിക്കും.. കാരണം ആ വിധി കേള്‍ക്കാന്‍ അദ്ദേഹം ഇന്ന് ഈ ഭൂമുഖത്തില്ല. ഒരു താരത്തിന്റെ ക്രമിനില്‍ ഗൂഢാലോചനയുടെ, കേരളം ഞെട്ടിത്തരിച്ചൊരു നീചമായ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെ കുരുക്കാനുള്ള ഏറ്റവും വലിയ തെളിവുകള്‍ നല്‍കിയ ആ നല്ല മനുഷ്യന്‍ സ്വന്തം അനാരോഗ്യത്തിന് കീഴടങ്ങി ഇപ്പോള്‍ വേദനിപ്പിക്കുന്നൊരു ഓര്‍മ മാത്രമായി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ദിലീപ് : വിശുദ്ധനില്‍ നിന്നും പ്രധാന വില്ലനിലേക്ക്… നടിയെ ആക്രമിച്ച കേസില്‍ നടന്‍ കുരുങ്ങിയതെങ്ങിനെ…ഉദ്വേഗഭരിതമായ കഥ - The Political Editor