ജാർഖണ്ഡിൽ വൻ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമെന്ന് സംശയം. ജാർഖണ്ഡ് മുഖ്യമന്ത്രിയും ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷിയുമായ ജെ എം എം നേതാവ് ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ എന്നിവർ മുതിർന്ന ബിജെപി നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തി. ഇരുവരും ദില്ലിയിൽ തുടരുകയാണ്. ജെ.എം.എം. ബിജെപി സഖ്യമായ എന്‍.ഡി.എ.യിലേക്ക് കളം മാറുന്നുവെന്ന സംശയം ഉയര്‍ന്നിരിക്കയാണ്. ഹേമന്ത് സോറനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടാന്‍ ആരംഭിച്ചിട്ട് നാളുകളേറെയായി. ബിജെപി പക്ഷത്തേക്കു നീങ്ങിയാല്‍ ഇത് അവസാനിക്കും. നിലവിലെ നിയമം അനുസരിച്ച് മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടാൽ 31-ാം ദിവസം സ്ഥാനമൊഴിയണം.
ഒപ്പം ബിഹാറില്‍ തന്റെ പാര്‍ടിക്ക് മഹാസഖ്യം സീറ്റ് നല്‍കിയില്ല എന്നതും സോറന്റെ നീക്കത്തിനു പിന്നിലുണ്ടെന്ന് പറയുന്നു. ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ തഴഞ്ഞതിൽ അടക്കം ഹേമന്ത് സോറൻ കടുത്ത അതൃപ്തി പരസ്യമാക്കിയിരുന്നു. 16 സീറ്റുകളിൽ മത്സരിക്കാനാണ് ജെഎംഎം ആഗ്രഹിച്ചത്. എന്നാൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നതോടെ തനിച്ച് മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിലൂടെ വികസനം, അന്തരിച്ച ജെഎംഎം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നൽകുന്ന കാര്യം പരിഗണിക്കുക മുതലായ ലക്ഷ്യങ്ങളും ഇരുവരുടെയും സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 31 എംഎൽഎമാരാണ് ജെഎംഎമ്മിനുള്ളത്. കോൺഗ്രസ് 16, ആർജെഡി- 4, ഇടത്- 2 എന്നിങ്ങനെയാണ് കക്ഷി നില. 21 സീറ്റുള്ള ബിജെപിയാണ് മുഖ്യ പ്രതിപക്ഷം. എൽജെപിക്കും എജെഎസ്‌യുവിനും ജെഡിയുവിനും ഓരോ സീറ്റുകൾ വീതമുണ്ട്.














