രാഹുല് മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഢന പരാതി ഉയര്ത്തി ബംഗലുരുവില് താമസിക്കുന്ന ഒരു യുവതിയും നേരത്തെ കോണ്ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു എന്നത് പുറത്തു വന്നു. കെ.പി.സി.സി. പ്രസിഡണ്ടിനും അത് കിട്ടിയില്ലെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുത്തതോടെ സോണിയാ ഗാന്ധിക്കും യുവതി പരാതി അയച്ചു.
പത്തനംതിട്ടയിലെ രാഹുലിന്റെ സുഹൃത്തായ വ്യക്തിയെയും കുറിച്ച് പരാതിയില് പറയുന്നു. ഇത് ഫെനി നൈനാന് ആണെന്ന് ചില മാധ്യമങ്ങള് വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനൊപ്പമാണ് രാഹുല് തന്റെയടുത്തേക്ക് വന്നത്. കൂടിക്കാഴ്ചയ്ക്കൊടുവില് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. ഗര്ഭിണിയാകണമെന്ന് രാഹുല് ആവശ്യപ്പെട്ടു. പീഡിപ്പിച്ച ശേഷം അയാള് ബന്ധത്തില് നിന്നും പിന്മാറുകയാണ് ചെയ്തത്.- യുവതി പരാതിയില് പറയുന്നു. നിലവില് പൊലീസില് പരാതി നല്കിയ യുവതിയും തന്നോട് രാഹുല് ഗര്ഭിണിയാകണമെന്ന് നിര്ബന്ധപൂര്വ്വം ആവശ്യപ്പെട്ടതായി മൊഴി നല്കിയിരുന്നു.
പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47ന് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.













