മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി ) അതിന്റെ ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.
ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ഉത്തരിവിടാൻ കഴിയും . എന്നാൽ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും ഇതിനെ കിഫ്‌ബിക്ക് നിയമപരമായി ചോദ്യം ചെയ്യാനാവും.













