ഊട്ടിയിലെ പൈതൃക ട്രെയിന്‍ യാത്രയെക്കുറിച്ച് കേള്‍ക്കാത്ത യാത്രാപ്രിയര്‍ ചുരുക്കമായിരിക്കും. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ട്രെയിൻ സർവീസ് ആണിത്. എന്നാല്‍ ഈ ട്രെയിനില്‍ എങ്ങിനെയാണ് യാത്ര തരപ്പെടുത്തുക എന്നതിന്റെ വിശദാംശങ്ങള്‍ മിക്കവര്‍ക്കും അറിയില്ല. ഊട്ടി സന്ദര്‍ശിക്കുന്ന മലയാളികളില്‍ ബഹു ഭൂരിഭാഗം പേരും ബോട്ടോണിക്കല്‍ ഗാര്‍ഡനും റോസ് ഗാര്‍ഡനും ഊട്ടി ലേക്കും മറ്റും സന്ദര്‍ശിച്ച് തിരിച്ചുപോകാറാണ് പതിവ്. അവരെല്ലാം ഉറപ്പായും മിസ്സ് ചെയ്യുന്ന അടിപൊളി വൈബ് തരുന്ന ഊട്ടി പൈതൃക ട്രെയിന്‍ യാത്രയെക്കുറിച്ച് എല്ലാ വിശദാംശങ്ങളും ഇവിടെ വായിക്കാം- ട്രെയിന്‍ യാത്ര എങ്ങിനെ നടത്താം, ടിക്കറ്റ് എവിടെ കിട്ടും, എങ്ങിനെ ടിക്കറ്റ് വാങ്ങാം, ട്രെയിന്‍ സമയം ഏതൊക്കെയാണ് എന്നീ വിശദാംശങ്ങളെല്ലാം ഇവിടെയുണ്ട്.
മേട്ടുപാളയം മുതൽ ഊട്ടി വരെ നീലഗിരി കുന്നുകളുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയായിരിക്കും സഞ്ചാരികളെ കാത്തിരിക്കുന്നത്. നീലിഗിരി മലനിരകളിലൂടെ മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടിയിലേക്ക് പോകുന്ന ട്രെയിൻ 46 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 5 മണിക്കൂർ എടുക്കുന്നു. അത്ര സാവധാനത്തിൽ യാത്രികർക്ക് കാഴ്ചകൾ വിശദമായി ആസ്വദിക്കാൻ പാകത്തിലാണ് ഈ ട്രെയിനിന്റെ യാത്ര. വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങളിലൂടെയും 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 കുത്തനെയുള്ള വളവുകൾ എന്നിവയിലൂടെയും ട്രെയിൻ കടന്നുപോകുന്നു.
മേട്ടുപ്പാളയത്തിൽ നിന്ന് ഉദഗമണ്ഡലത്തിലേക്കുള്ള 56136 നമ്പർ ട്രെയിൻ രാവിലെ 7.10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് 11:55 ന് ഊട്ടിയിലെത്തും.ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് ഉള്ള 56137 നമ്പർ ട്രെയിൻ , ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 5:30 ന് മേട്ടുപ്പാളയത്ത് എത്തിച്ചേരും.
കോയമ്പത്തൂർ നിന്നും 35 കിലോമീറ്റർ അകലെയുള്ള മേട്ടുപ്പാളയത്തിൽ നിന്നാണ് ട്രെയിൻ കയറേണ്ടത്. എല്ലാ ദിവസവും രാവിലെ 7.10 നാണ് ഊട്ടിയിലേക്ക് ട്രെയിൻ പുറപ്പെടുക. 4 മണിക്കൂർ 45 മിനിട്ട് കൊണ്ട് യാത്ര ചെയ്ത് 11.55 ന് ഊട്ടി പട്ടണത്തിൽ തന്നെയുള്ള സ്റ്റേഷനിൽ എത്തും. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടി സഞ്ചരിക്കുന്നത്.
നീരാവി ഉപയോഗിച്ച് കൊണ്ടാണ് ഈ തീവണ്ടിയുടെ എഞ്ചിൻ പ്രവർത്തിക്കുന്നത് എന്ന് തുടങ്ങി ഒട്ടേറെ കൗതുകങ്ങൾ ഉണ്ട്. ഇന്ത്യയിലെ ഏക റാക്ക് റെയിൽവേ ആണിത്. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലുള്ള ഈ പാതയിൽ, കുത്തനെയുള്ള ചരിവുകൾ കയറാൻ എബിടി റാക്ക് ആൻഡ് പിനിയൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. 1908-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഈ റെയിൽപ്പാത. 16 തുരങ്കങ്ങളും 250 പാലങ്ങളും ഈ റൂട്ടിൽ ഉണ്ട്. ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. 2005 ജൂലൈയിൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാത ലോകപൈതൃകസ്മാരക പട്ടികയിൽപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേ ആണ് ഇതേ ഗണത്തിലുള്ള മറ്റൊന്ന്.
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ലഘുഭക്ഷണം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും. യാത്രക്കിടയിൽ ഹിൽഗ്രോവ് എന്ന സ്റ്റേഷനിൽ യാത്രക്കാർക്ക് ലഘുഭക്ഷണം ലഭിക്കുന്ന സൗകര്യം ഉണ്ട് . നീരാവി ഉപയോഗിച്ച് ഓടുന്നതിനാൽ റണ്ണീമീഡ്, ഹിൽഗ്രാവ് സ്റ്റേഷനിൽ വാട്ടർ സ്റ്റോപ്പുമുണ്ട്. കൂനൂർ എത്തുന്നത് വരെയുള്ള എല്ലാ സ്റ്റേഷനിലും ട്രെയിൻ നിർത്തുന്നതിനാൽ യാത്രക്കാർക്ക് ഇറങ്ങി ഫോട്ടോ എടുക്കാനും സാധിക്കും.
രണ്ട് മാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. നേരത്തേ ബുക്ക് ചെയ്തില്ലെങ്കിൽ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. Second Sitting – 295 രൂപ , First Class-600 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
യാത്ര ചെയ്യുന്നതിന്റെ തലേ ദിവസം 11 മണിക്ക് എടുക്കാവുന്ന തത്കാൽ സൗകര്യവും ഉണ്ട്.
എന്നാൽ ഇത് സെക്കൻഡ് സിറ്റിങ് വിഭാഗത്തിൽ 14 സീറ്റുകൾ മാത്രമാണ് ഉള്ളത് . ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് തത്കാൽ ഇല്ല താനും. ടിക്കറ്റുകള്‍ ഇന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ബുക്കിംഗ് വിൻഡോയിൽ ഒരാൾക്ക് 4 ടിക്കറ്റുകളിൽ കൂടുതൽ നൽകില്ല.
ഓൺലൈൻ ടിക്കറ്റ് അല്ലാതെ നേരിട്ട് ജനറൽ ടിക്കറ്റ് എടുത്ത് പോകാനുള്ള സൗകര്യവും ഉണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന്റെ രാവിലെ 3 മണി മുതലേ നിന്ന് ടിക്കറ്റ് എടുക്കാവുന്നതാണ്, പരിമിതമായ ടിക്കറ്റ് മാത്രമേ ഉണ്ടാകൂ. പലരും മേട്ടുപാളയത്ത് തലേ ദിവസം വന്ന് താമസിച്ചാണ് നേരിട്ട് ടിക്കറ്റ് സമ്പാദിക്കാറ് . മേട്ടുപാളയത്ത് രാവിലെ വരാൻ കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന നീലഗിരി എക്സ്പ്രസ്സ് ഉണ്ട്. മേട്ടുപാളയത്ത് നിന്നും കയറുമ്പോൾ ഇടത് വശം ചേർന്നാണ് കൂടുതൽ കാഴ്ചകൾ ഉണ്ടാവുക.
മേട്ടുപാളയം മുതൽ കൂനൂർ വരെ നീരാവി എഞ്ചിനും കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനുമായിരിക്കും.മേട്ടുപ്പാളയത്തു നിന്നും ടിക്കറ്റ് കിട്ടാത്തവർക്ക് ഊട്ടി മുതൽ കൂനൂർ വരെ എളുപ്പത്തിൽ ടിക്കറ്റ് കിട്ടും. എന്നാൽ പ്രകൃതി ഭംഗി മുഴുവൻ കാണണമെങ്കിൽ മേട്ടുപാളയത്ത് നിന്നും തന്നെ കയറണം. കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുകയാണെങ്കിൽ കമ്പ്യൂട്ടർ പ്രിന്റ് ചെയ്ത ടിക്കറ്റുകൾക്ക് പകരം പഴയ കാർഡ് ടിക്കറ്റുകൾ ആയിരിക്കും ലഭിക്കുക.














