നാന്‍സി
എനിക്കിറങ്ങേണ്ട ഇടം കര്‍മാലി ആയിരുന്നു, പഴയ ഗോവയിലെ വളരെ ചെറിയൊരു റെയില്‍വേസ്‌റ്റേഷനാണിത്. നേരം പുലര്‍ന്നു വരുന്നേയുള്ളൂ. നേത്രാവതി എക്‌സ്പ്രസ് മഡ്ഗാവിലെത്തിയപ്പോള്‍ മുതല്‍ ഞാന്‍ ജാഗരൂകനായി. അടുത്ത സ്‌റ്റോപ്പ് കര്‍മാലിയാണ്. അതില്‍ക്കൂടുതല്‍ എനിക്കീ സ്ഥലത്തെക്കുറിച്ച് വലിയ ധാരണയില്ല. മഡ്ഗാവില്‍ നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ബാഗ് തയ്യാറാക്കി കാത്തിരുന്നു. ചാറ്റല്‍ മഴയുടെ ചെറുകണങ്ങള്‍ ജനാലയിലൂടെ മുഖത്തേക്ക് ചിതറിയെത്തുന്നുണ്ട് . ഇങ്ങനെ ആകാംക്ഷയും കുറേ അപരിചിതത്വവും ഇഴചേര്‍ന്നിരിക്കുന്ന സമയങ്ങളില്‍ മഴ ഒരു തൊന്തരവാണ്. ഒട്ടും സുഖമില്ലാത്ത ഈര്‍പ്പവും തണുപ്പും.
റെയില്‍വേസ്‌റ്റേഷന്റെ ആര്‍ഭാടമൊന്നുമില്ലാത്ത കര്‍മാലിയില്‍ ആരവമൊന്നുമുണ്ടാക്കാതെ ട്രെയിന്‍ നിന്നു. കുറച്ചുപേര്‍ ഇറങ്ങിയതോടെ പ്ലാറ്റ്‌ഫോമില്‍ ആളനക്കമായി. വളരെ ചെറിയൊരു സ്‌റ്റേഷനായതിനാല്‍ വലിയ കെട്ടിടങ്ങളൊന്നുമില്ല. സ്റ്റേഷനു പുറത്തിറങ്ങിയപ്പോള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചു കാത്തു നില്‍ക്കുന്ന ഏതാനും ഓട്ടോറിക്ഷകളും ബൈക്കുകളും മാത്രം.

ഓള്‍ഡ് ഗോവ റെസിഡന്‍സിയില്‍ ഞാനൊരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. ഗോവ ടൂറിസം വികസന കോര്‍പറേഷന്റെ വകയായി പഴയ ഗോവയിലുള്ള വാസകേന്ദ്രം ആണ്. സന്ദര്‍ശക സീസണ്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ മുറിവാടക കുറവാണ്. റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ഒന്നൊര കിലോമീറ്റര്‍ അകലം മാത്രമേയുള്ളൂ ഇവിടേക്ക്. ഓട്ടോയ്ക്ക് കാത്തു നില്‍ക്കണോ അതോ നടക്കണോ, അല്‍പനേരം ആലോചിച്ചു. ഒരു ഓട്ടോക്കാരനെ സമീപിച്ച് ഓള്‍ഡ് ഗോവ റസിഡന്‍സിയിലേക്ക് പോകാമോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി കിട്ടി. അയാള്‍ വേറെ ഓട്ടം കാത്തു നില്‍പാണ്.
നടക്കാനുള്ള ദൂരമേ ഉള്ളോ എന്ന ചോദ്യത്തിന് ‘ജസ്റ്റ് വാക്കബിള്‍’ എന്നായിരുന്നു ഓട്ടോക്കാരന്റെ പ്രതികരണം. എന്നാല്‍പ്പിന്നെ ഈറനണിഞ്ഞ ഈ വെളുപ്പാന്‍ കാലത്ത് പഴയ ഗോവയുടെ അപരിചിത വഴിയിലൂടെയങ്ങ് നടന്നേക്കാം. പണവും ലാഭം.
സ്റ്റേഷനു പുറത്തിറങ്ങി വലത്തോട്ടു നടന്നു. നല്ല റോഡാണ്. റോഡരികുകള്‍ നമ്മുടെ നാട്ടുവഴിയോരങ്ങളെ ഓര്‍മിപ്പിച്ചു. കാട്ടു പൊന്തകളില്‍ നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പച്ച സമൃദ്ധം. ഭംഗിയുള്ള ചില ചെറിയ കാട്ടുപൂക്കളും ഉണ്ട്. പറമ്പുകളില്‍ തെങ്ങും വാഴയും അവയ്ക്ക് കാവല്‍ തീര്‍ത്ത് ചെങ്കല്‍മതിലുകളും എല്ലാമായി കേരളത്തിലെ ഒരു ഇടനാടന്‍ റോഡിലെ നടത്തക്കാഴ്ചകള്‍.
ഓട്ടോക്കാരന്‍ പറഞ്ഞതു പോലെ ‘വാക്കബിള്‍’ ആയ ദൂരം പിന്നിട്ടപ്പോള്‍ ഓള്‍ഡ് ഗോവ റസിഡന്‍സിയിലെത്തി. ക്രീം നിറമുള്ള പെയിന്റ് പൂശിയിട്ട് കാലമേറെയായതിനാല്‍ നരച്ച കാഴ്ചയില്‍ ഈ അതിഥി മന്ദിരം എന്നെ വരവേറ്റു. ഒരു കാര്യം ഇഷ്ടമായി, തികഞ്ഞ ശാന്തത. വിശാലമായ വളപ്പില്‍ ചിതറി നില്‍ക്കുന്ന അഞ്ചു പത്ത് ഇരുനില കോട്ടേജുകള്‍. ഇഷ്ടിക വെച്ച് അതിരിട്ട ചെറിയ നടപ്പാതകള്‍. ചില തണല്‍ മരങ്ങള്‍. ആകെയൊരു പരിചിത അന്തരീക്ഷമാണ്.
പക്ഷേ ഗസ്റ്റ് ഹൗസിലെ റിസപ്ഷന്‍ സംവിധാനവും മുറികളും ജീവനക്കാരുമെല്ലാം ശരിക്കും സര്‍ക്കാര്‍ വിലാസം. ഉത്തരവാദിത്വമില്ലായ്മയും ഉദാസീനതയും മുഖമുദ്ര. നിങ്ങള്‍ വേണേല്‍ താമസിച്ചോ എന്ന മട്ട്. താക്കോല്‍ വാങ്ങി മുറി തുറന്നു. അത്യാവശ്യം നന്നായി മുഷിഞ്ഞ, ഈര്‍പ്പത്തിന്റെ മണമുള്ള അകം. കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടില്ലാത്തതിനാല്‍ നിരാശയൊന്നും ഇല്ലാതെ വാതില്‍ ചാരി. വേഗത്തില്‍ പല്ലുതേപ്പും കുളിയുമെല്ലാം തീര്‍ത്ത് മുറി പൂട്ടിയിറങ്ങി. റസ്റ്റോറന്റ് ഉണ്ടെങ്കിലും ചോദിച്ചപ്പോള്‍ ചായ പോലും കിട്ടാന്‍ അരമണിക്കൂര്‍ കഴിയുമെന്ന് മറുപടി കിട്ടി. പുറത്തേക്കു നടന്നപ്പോള്‍ തൊട്ടപ്പുറം പോലീസ് സ്‌റ്റേഷനും സമീപത്ത് കുറേ കടകളും. ഒരു ചായക്കടയില്‍ കയറി ചായ മാത്രം കുടിച്ച് റോഡിലേക്കിറങ്ങി.

മഹാത്മജിയുടെ പ്രതിമയുള്ള ചത്വരത്തില്‍ നിന്നും ആദ്യം ഇടതുവശത്ത് കാണുന്നതാണ് ലോകപ്രശസ്തമായ ബോം ജീസസ് ബസലിക്ക. കുഞ്ഞേശുവിന്റെ ബസലിക്ക. അതൊരു ഗംഭീര എടുപ്പ് തന്നെ. ചെങ്കല്ലുകൊണ്ട് കെട്ടിപ്പടുത്ത, വെണ്‍കളി പൂശാത്ത കൂറ്റന്‍ കെട്ടിടം. ആദ്യം കുമ്മായം പൂശിയ ഭാഗങ്ങള്‍ ഉണ്ടായിരുന്നത് ചുരണ്ടി നീക്കി മൊത്തം ചെംചുമരാക്കിയതാണത്രേ. വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം സൂക്ഷിച്ചിട്ടുള്ള പള്ളിയായതിനാല്‍ ഈ ബസലിക്ക ആഗോള പ്രശസ്തമാണ്. പതിനാറാം ശതകത്തിന്റെ അവസാനത്തില്‍ 1585-ല്‍ പണിത ഈ ദേവാലയം 1663-ല്‍ അവിചാരിതമായി അഗ്നിക്കിരയായത്രേ. 1783-ലാണ് പിന്നീട് ഇതിന്റെ പുതുക്കിപ്പണിയല്‍ പൂര്‍ത്തിയായത്.
അകത്തേക്കു കടക്കുമ്പോള്‍ നിശ്ശബ്ദതയും തണുപ്പും നിറഞ്ഞ അന്തരീക്ഷമാണ്. പ്രധാന അള്‍ത്താരയുടെ ഇരുഭാഗങ്ങളിലുമായി വിശുദ്ധരായ അന്തോണിയുടെയും ഫ്രാന്‍സിസ് സേവ്യറുടെയും ദാരുശില്‍പങ്ങള്‍. ഇതിനു പുറമേ, രണ്ടു അള്‍ത്താരകള്‍ കൂടി ഈ ബസലിക്കയുടെ അകത്തെ ആത്മീയതയ്ക്ക് മാറ്റു കൂട്ടുന്നുണ്ട്. പ്രധാന അള്‍ത്താരയുടെ തെക്കു ഭാഗത്തായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ ഭൗതികാവശിഷ്ടത്തിന്റെ ദര്‍ശനം സാധ്യമാകുന്ന ചാപ്പല്‍. ദാരുശില്‍പ ഭംഗിയാല്‍ കൗതുകമുണര്‍ത്തുന്ന ചാപ്പലില്‍ വെള്ളിയില്‍ തീര്‍ത്ത പേടകത്തില്‍ വിശുദ്ധന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നു. അതിനു മുന്നില്‍ പ്രാര്‍ഥനാനിരതമായ ചുണ്ടുകളും കൂപ്പുകൈകളും നിറയെ നീങ്ങുന്നത് നിത്യമായ കാഴ്ചയാകുന്നു. വിശുദ്ധന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ഈ ചാപ്പലില്‍ ദാരുശില്‍പങ്ങളായി നമുക്ക് ദൃശ്യമാണ്. 12 വര്‍ഷത്തിലൊരിക്കല്‍ ഈ പേടകം വിശ്വാസികള്‍ക്ക് തൊട്ടുതൊഴാനായി അവസരമൊരുക്കും. അന്നാളുകളില്‍ പോര്‍ച്ചുഗല്‍ ഉള്‍പ്പെടെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പഴയ ഗോവയിലെ ഈ വിശുദ്ധദേവാലയത്തിലേക്ക് വിശ്വാസികളൊഴുകും. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഈ മഹാചരിത്രസ്മൃതികുടീരം സൂക്ഷിച്ചിട്ടുള്ള ദേവാലയവും പരിസരവും.
വിശ്വാസകാര്യങ്ങള്‍ മാറ്റിനിര്‍ത്തി ഞാനീ പള്ളിയെ നോക്കിയത് അത്ഭുതത്തോടെയായിരുന്നു. ചെങ്കല്ലില്‍ തീര്‍ത്ത ഈ കൂറ്റന്‍ കെട്ടിട വിസ്മയം എത്ര നേരം നോക്കി നിന്നിട്ടും മടുത്തില്ല. കൂറ്റന്‍ കോട്ടവാതില്‍ പോലുള്ള മുന്‍വാതില്‍ കടന്ന് പള്ളിക്കകത്ത് ചെന്ന് വിശ്വാസികള്‍ക്കൊപ്പം നടന്നു നീങ്ങി. വിശുദ്ധന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ച പേടകം അങ്ങുയരത്തിലൊരു ചത്വരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് നോക്കി വലം വെച്ച് നടന്ന് അകത്തള ദൃശ്യങ്ങളും അള്‍ത്താരയുടെ കാഴ്ചകളും കണ്ട് വലതു ഭാഗത്തൂടെ വിശാലമായ ഇടനാഴികളിലേക്കും ഹാളുകളിലേക്കുമെല്ലാം നയിക്കുന്ന വഴികള്‍ പിന്നിട്ട് മറ്റൊരു പ്രവേശനകവാടത്തിലൂടെ പുറത്തേക്കു വന്നപ്പോള്‍ ഉള്ളില്‍ പീലിത്തണുപ്പിന്റെ സുഖം നിറഞ്ഞിരുന്നു.
പഴയ ഗോവയെക്കുറിച്ച് പറയേണ്ട ഏറ്റവും പ്രധാന കാര്യം അത് പുരാതന വിശുദ്ധ ദേവാലയങ്ങളുടെ ഒരു ഉദ്യാനമാണ് എന്നതത്രേ. സഞ്ചാരികള്‍ പക്ഷേ എല്ലാ പള്ളികളും കണ്ട് ആസ്വദിച്ചു പോകാറില്ല. മിക്കവാറും പേര്‍ ബോം ജീസസ് ബസലിക്കയും സേ കത്തിഡ്രലും കണ്ട് മടങ്ങുന്നു. എന്നാല്‍ ചരിത്രവും ദൃശ്യചാരുതയും ഇഴചേര്‍ന്ന സെന്റ് കജേറ്റന്‍ കത്തീഡ്രലും ഏതാണ്ട് തകര്‍ന്നുപോയിരിക്കുന്നതിനിടയിലും പ്രേഷിതചരിത്രത്തിന്റെ രാജ്യാന്തര സ്മൃതികള്‍ ഉറങ്ങുന്ന വിശുദ്ധ അഗസ്റ്റിന്റെ ഗോപുരവും തകര്‍ന്ന വലിയ ദേവാലയത്തിന്റെ അവശിഷ്ടങ്ങളില്‍ ഇപ്പോഴും തുടിക്കുന്ന ഓര്‍മകളും സന്ദര്‍ശകരുടെ പാദപതനങ്ങളില്ലാതെ ഏകാന്തതയുടെ രൂപകങ്ങള്‍ പോലെ നില്‍ക്കുന്നു.
ബോം ജീസസ് ബസലിക്കയുടെ പരിസരം പിന്നിട്ട് നേരെ റോഡ് മുറിച്ചു കടന്നാല്‍ എതിര്‍വശത്ത് അതിവിശാലമായ പ്രദേശമാകെ നിറഞ്ഞ്, ആകാശപശ്ചാത്തലമുള്ള വിശാലമായ ചിത്രക്കാന്‍വാസ് പോലെ, അതി ഗംഭീരവും നീണ്ടുകിടക്കുന്നതുമായ ഒരു വെണ്‍മാട സമുച്ചയത്തിന്റെ വിദൂര ദൃശ്യത്തിലേക്ക് നയിക്കപ്പെടും. ഈ വിദൂര ദൃശ്യത്തില്‍ നിന്നും സമീപത്തേക്ക് നടന്നടുക്കുമ്പോള്‍, രണ്ട് ദേവാലയങ്ങള്‍ ചേര്‍ന്ന ദീര്‍ഘമായ കൂറ്റന്‍ കെട്ടിട സമുച്ചയവും ഏറ്റവും ഇടതു ഭാഗത്തായി പുരാവസ്തു മ്യൂസിയവും കണ്ണില്‍ നിറയുന്നു. പഴയ ഗോവയിലെ ഏറ്റവും വലിയ കത്തീഡ്രലായ സേ കത്തീഡ്രല്‍ ആണ് സന്ദര്‍ശകരെ കാത്തിരിക്കുന്ന കൗതുകം. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ദേവാലയമാണ് രണ്ടാമത്തെത്. പോര്‍ച്ചുഗീസ്-ഗോഥിക് ശൈലിയുടെ വാസ്തുഭംഗി സമൃദ്ധമാക്കിയ സേ കത്തീഡ്രലിന്റെ ഉള്‍ഭാഗം പഴയ ഗോവയിലെ ഇതര ദേവാലയ അകത്തളങ്ങളേക്കാള്‍ ഏറെ വ്യത്യസ്തമായ മനോഹരദൃശ്യമാണ്. കൂറ്റന്‍ വാതിലുകള്‍ കടന്ന് അകത്തേക്ക് കണ്ണു പായിച്ചാല്‍ ദൂരെ കാണുന്ന പ്രധാന അള്‍ത്താര തന്നെ ഒരു മിനിയേച്ചര്‍ ശില്‍പാല്‍ഭുതമാണ്. കൂറ്റന്‍ മണി ഉറപ്പിച്ച ശ്വേതഗോപുരം ആകാശനീലിമയില്‍ തലയുയര്‍ത്തി മൗനം തൂങ്ങിനില്‍ക്കുന്നു. (തുടരും)














