• Home
  • kerala
  • വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും
Image

വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളി, മറ്റൊരാൾ കര്‍ണാടകയിലെ വ്യവസായി . ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് വെടിയേറ്റ് മരിച്ച മലയാളി. മകളുടെ മുന്നിൽവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഇ‌ന്ന് രാവിലെയാണ് രാമചന്ദ്രനും കുടുംബവും പഹൽഗാമിലെത്തിയത്.

കര്‍ണാടകത്തിലെ വ്യവസായി മഞ്ജുനാഥ് റാവു കൊല്ലപ്പെട്ടത് ഭാര്യയുടെയും കുടുംബത്തിന്റേയും മുന്നില്‍ വെച്ചായിരുന്നു. ഭാര്യക്കും മകനുമൊപ്പം കാശ്മീരില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ശിവമൊഗ്ഗയിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയായ മഞ്ജുനാഥ റാവു. തന്റെ ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണത്തില്‍ നിന്ന് ഭാര്യ പല്ലവി ഇപ്പോഴും മുക്തയായിട്ടില്ല. എല്ലാം ഒരു ദുസ്വപ്‌നം പോലെ തോന്നുന്നുവെന്ന് പല്ലവി പറഞ്ഞതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

നിരവധിപേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തി ഉന്നത തല ആലോചനകൾ നടത്തി.

എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.

എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും.

ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ജമ്മു കാശ്മീരിൽ യാത്രക്കായി പോയിട്ടുള്ളതാണ്. നിലവിൽ ജസ്റ്റിസുമാർ ശ്രീനഗറിലുള്ള ഹോട്ടലിൽ സുരക്ഷിതരാണെന്ന് അറിയുന്നു. നാളെ നാട്ടിലേക്കു തിരിക്കും എന്നാണറിഞ്ഞത്.

എംഎൽഎമാരായ എം. മുകേഷ്, കെ പി എ മജീദ്, ടി. സിദ്ദീഖ്, കെ.ആൻസലൻ എന്നിവർ ശ്രീനഗറിൽ ഉണ്ട്. ഇവരും സുരക്ഷിതരാണ്.
ജമ്മു കാശ്മീരിൽ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നോർക്ക റൂട്സിന് നിർദ്ദേശം നൽകി.

നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ),
00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകാം.

ഡൽഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേരള ഹൗസിന് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *